തിരുവനന്തപുരം: കളമശേരിയിലെ തീപിടിത്തത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്ത്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ ആരും തന്നെ ഗുരുതരാവസ്ഥയിലില്ലെന്നും മന്ത്രി പറഞ്ഞു.
51 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പുല്‍തൈലം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സിലേയും കമ്പനിയിലേയും ആള്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കെമിക്കല്‍ പരിക്കുകളുണ്ടായത്. ഇവരുടെ ചികിത്സയ്ക്കായി രണ്ട് പ്രത്യേക വാര്‍ഡുകള്‍ അടിയന്തരമായി സജ്ജമാക്കി. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ സര്‍ജറി, മെഡിക്കല്‍, ഒഫ്ത്താല്‍മോളജി എന്നീ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് ചികിത്സ ഉറപ്പാക്കിയത്. ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.