കരുത്തും ആവേശവും ചേര്‍ന്ന് തുഴപിടിച്ച നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരം ബേപ്പൂരിന്റെ ഓളപ്പരപ്പില്‍ മിന്നുന്ന പ്രകടനമായി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിലെ ആദ്യ മത്സര ഇനമായ തദ്ദേശിയര്‍ക്കായുള്ള ഡിങ്കി ബോട്ട് റേസ് കാണികളില്‍ ആവേശം തീര്‍ത്തു. മത്സരത്തില്‍ സിദ്ദീഖ്, അബ്ദുല്‍ ഗഫൂര്‍ തുഴഞ്ഞ ബോട്ട് ഒന്നാം സ്ഥാനത്തെത്തി.സഹീര്‍ അലി, ഷറഫുദ്ദീന്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
രണ്ടു പേരടങ്ങുന്ന 24 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ആറു ടീമുകളെ പങ്കെടുപ്പിച്ച് 4 റൗണ്ടുകളിലായിരുന്നു മത്സരം. 400 മീറ്റര്‍ ട്രാക്കിലാണ് മത്സരം നടന്നത്. ഓരോ റൗണ്ടിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പങ്കെടുത്തവരെല്ലാം നാട്ടുകാരായ പാരമ്പര്യ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമാണ്. പോലീസിന്റെയും ഫിഷറീസിന്റേയും സുരക്ഷാ വലയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
മാലിന്യ നിക്ഷേപങ്ങൾക്കെതിരെയുള്ള സന്ദേശമായാണ് ട്രഷർ ഹണ്ട് നടത്തിയത്. കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. പ്രദേശവാസികളെ ഉൾക്കൊള്ളിച്ചുള്ള മത്സരക്രമങ്ങളാണ് ഒരുക്കിയത് . ട്രഷർ ഹണ്ടിൽ ആറിഞ്ച് നീളത്തിലുള്ള 500 ഓളം ചെറിയ മരത്തടികൾ കടലിൽ നിക്ഷേപിക്കും 10 മിനുട്ടിനുള്ളിൽ ഏറ്റവും കൂടുതൽ മരത്തടികൾ ശേഖരിക്കുന്ന ടീം ആയിരുന്നു വിജയികൾ. തീർത്തും ജീർണിക്കുന്ന തരത്തിലുള്ള മരത്തടികൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. കടൽമലിന്യങ്ങളുടെ നിർമാർജനം, പുഴയുടെസംരക്ഷണം തുടങ്ങിയ സന്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് മത്സരം നടന്നത്. 24 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ്, അബ്ദുൽ ഗഫൂർ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, സുധീർ ബാബു, സലീം എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, ശ്രീജേഷും സംഘവും മൂന്നാം സ്ഥാനവും നേടി. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ലൈഫ് ജാക്കറ്റ് സംവിധാനവും കടലിൽ പോലീസിന്റെയും ഫിഷറിസിന്റെയും ഓരോ ബോട്ട് വീതവും രണ്ടു തഗ് ബോട്ടുകളും ഉണ്ടായിരുന്നു.സബ് കളക്ടർ വി. ചെൽസസിനി, ഡി. ഡി.സി. അനുപംമിശ്ര, പോർട്ട് ഓഫീസർ അശ്വനി പ്രദീപ്, എ.ഡി. എം. മുഹമ്മദ് റഫീഖ് സി എന്നിവർ പങ്കെടുത്തു.
വലയെറിയൽ മത്സരം കാണികളിൽ ആവേശം തീർത്തു. കാഴ്ച്ചക്കാർക്ക് വിരുന്നൊരുക്കാൻ നിരവധി പേരാണ് മത്സരത്തിനെത്തിയത്. ചെറുതോണികളിൽ തദ്ദേശീയരായ ആളുകളാണ് ബേപ്പൂരിന്റെ ഓളപ്പരപ്പപ്പിൽ വലയെറിഞ്ഞത്. നൗഷാദ് സി ഒന്നാം സ്ഥാനവും ഗഫൂർ രണ്ടാം സ്ഥാനവും നേടി.