April 19, 2024

Login to your account

Username *
Password *
Remember Me

ഒമിക്രോണ്‍ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആകെ 5800 ഓളം ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി വഴി സേവനം നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങളും ലഭ്യമാണ്. കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കും ക്വാറന്റൈനിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കും ഈ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഒമിക്രോണ്‍ ഒരാള്‍ക്ക് വന്നാല്‍ മറ്റുള്ളവരിലേക്കും അവരുടെ കുടുംബത്തിലേക്കും അത് വളരെ വേഗത്തില്‍ വ്യാപിക്കും. അതിനാല്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണം. ആശുപത്രികളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പോകുന്നവര്‍ എന്‍ 95 മാസ്‌കുകള്‍ ധരിക്കേണ്ടതാണ്. ഒരിക്കലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
പുതുതായി രോഗം വരുന്നവര്‍ക്കും തുടര്‍ ചികിത്സയ്ക്കുമെല്ലാം ഇ സഞ്ജീവനി വഴി ചികിത്സ തേടാവുന്നതാണ്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇസഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്. ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയും ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള യാത്ര ഒഴിവാക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എന്‍സിഡി ക്ലിനിക്കുകളിലും എത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പോകാതെ ഈ കേന്ദ്രങ്ങളില്‍ ഇരിന്നുകൊണ്ട് തന്നെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും.
ഇ സഞ്ജീവനിയിലൂടെ സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാവുന്നതാണ്. ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.
സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
Rate this item
(0 votes)
Last modified on Saturday, 25 December 2021 08:39
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.