തിരുവനന്തപുരം: തൃക്കാക്കര എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ അർബുധ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. നാല് പ്രാവശ്യം എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു അദ്ദേഹം. കെപിസിസി വർക്കി പ്രസിഡൻ്റ് കൂടിയാണ് പി ടി തോമസ്.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നേതാവാണ് പി ടി തോമസ്. 1991, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്ന് 2016ലും 2021ൽ തൃക്കാക്കരയിൽ നിന്നും ജയിച്ചു. 2009ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് എം പിയായി. 1996, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പിജെ ജോസഫിനോട് പരാജയപ്പെട്ടു.
ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുധ ബാധയെത്തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭയിൽ എത്തിയ അദ്ദേഹം 2009 -14 വർഷങ്ങളിൽ ഇടുക്കി എംപിയായി ചുമതല വഹിച്ചു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിൻ്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നാണ് പി ടി തോമസിൻ്റെ ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ. ലോ കോളേജ് എറണാകുളം, കൊഴിക്കോട് എന്നിവടങ്ങളിലായിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം.