കഴിഞ്ഞ 6 ദിവസമായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഈ വര്‍ഷം ഇതുവരെ പി.ജി. അലോട്ട്‌മെന്റ് നടന്നിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ നടക്കേണ്ട പരീക്ഷ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ മാത്രം നടക്കുകയും പി.ജി. അലോട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ മെഡിക്കല്‍ കമ്മീഷന്റെയും അനാസ്ഥ കാരണം ഇപ്പോഴും അനിശ്ചിതമായി നീണ്ടുപോവുക യുമാണ്. ഈ കാലതാമസം നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജുകളുടെ പ്രത്യേകിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ദേശവ്യാപകമായി നടക്കുന്ന ഈ സമരത്തില്‍ കേരളത്തില്‍ നിന്നുള്ള പി.ജി വിദ്യാര്‍ത്ഥികളും പങ്കുചേരുന്നുണ്ട്. കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങള്‍ ഉണ്ടായ സമയത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കോവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ നിന്നവരാണ് ഈ പി.ജി. വിദ്യാര്‍ത്ഥികള്‍. രൂക്ഷമായ മാനവശേഷിക്കുറവു ണ്ടായിരുന്നിട്ടും കേരളത്തിലെ മരണനിരക്ക് കുറച്ച് നിര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചവര്‍. രാജ്യം കോവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കുന്ന ഈ സമയത്ത് 2021 വര്‍ഷ ബാച്ച് പി.ജി വിദ്യാര്‍ത്ഥികളുടെ കുറവ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ ബാധിക്കും. 850-ലധികം അര്‍ഹരായ റാങ്ക് ജേതാക്കളാണ് കേരളത്തില്‍ മാത്രം അലോട്ട്‌മെന്റ് കാത്ത് പുറത്തു നില്‍ക്കുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകേണ്ട സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഈ കുറവ് സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്തെ തന്നെ ദോഷമായി ബാധിക്കും.
ഈ സാഹചര്യത്തില്‍ ഔദ്യോഗികമായിത്തന്നെ ഈ പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോഴുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.