തിരുവനന്തപുരം :- കെ.എസ്.ആർ.ടി.സി യിലെ ശമ്പള പരിഷ്കരണം ഒന്നു രണ്ടു ആഴ്‌ചക്കകം നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ സംസ്ഥാന സമിതി യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ബാധ്യത ഏറെ വരുമെങ്കിലും ജീവനക്കാർ ഉന്നയിക്കുന്ന ശമ്പള പരിഷ്കരണം നടപ്പാക്കും. പക്ഷെ അതോടൊപ്പം മാനേജ്‍മെന്റോ ഗവണ്മെന്റോ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ജീവനക്കാർ അംഗീകരിക്കേണ്ടി വരും.
പൊതുജന സേവന സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് ലാഭം മാത്രം നോക്കി പ്രവർത്തിക്കാനാവില്ല. അതിനെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നഷ്ടം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത്തവണ കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണലുകൾ മാത്രമുള്ള ബോർഡ് രൂപീകരിക്കാനായി. ജീവനക്കാർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയ്ക്ക് തുടക്കമായിട്ടുണ്ട്. മുതിർന്ന പത്രപ്രവർത്തകർക്ക് കെ.എസ്.ആർ.ടി.സിയിൽ പാസ് അനുവദിക്കുന്ന കാര്യം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
സംസ്ഥാന പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ,സെക്രട്ടറി എ. മാധവൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, എം. ബാലഗോപാൽ, കെ.ജെ. മത്തായി, പി. പി. മുഹമ്മദ് കുട്ടി, ടി. ശശിമോഹൻ എന്നിവർ സംസാരിച്ചു.