കൊച്ചി: 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) നാലാം റൗണ്ടിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ റേസിങ് ടീം മലേഷ്യയില്‍ എത്തി. ഈ വാരാന്ത്യത്തില്‍ മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഹോണ്ട റൈഡര്‍മാരായ രാജീവ് സേതുവും സെന്തില്‍ കുമാറും ആറ് രാജ്യങ്ങളില്‍ നിന്നുള്ള 19 റൈഡര്‍മാര്‍ക്കെതിരെയാണ് ഏഷ്യ പ്രൊഡക്ഷന്‍ 250 സിസി (എപി250) വിഭാഗത്തില്‍ മത്സരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റേസിങ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ടീമാണ് ഹോണ്ട റേസിങ് ഇന്ത്യ. ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റു ടീമുകള്‍.
എആര്‍ആര്‍സിയില്‍ പരിചയസമ്പന്നനായ രാജീവ് സേതുവിന്‍റെ നാലാം സീസണാണിത്. ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ മൂന്നാം റൗണ്ടിലെ ആദ്യ ദിനം അഞ്ചാം സ്ഥാനം നേടി രാജീവ് സേതു ചരിത്രം സൃഷ്ടിച്ചിരുന്നു. എപി250 വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ റൈഡറുടെ എക്കാലത്തെയും മികച്ച ഫിനിഷിങായിരുന്നു ഇത്. രണ്ടാം ദിനം ആദ്യ ലാപ്പുകളിലെ പിഴവ് സംഭവിച്ചതിനാല്‍ 17ാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. അതേസമയം, സെന്തില്‍ കുമാര്‍ 15ാം സ്ഥാനം നേടി ടീമിന് ഒരു പോയിന്‍റ് നേടിക്കൊടുക്കുകയും ചെയ്തു.
24 പോയിന്‍റുമായാണ് രാജീവ് സേതു നാലാം റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. സഹതാരം സെന്തില്‍ കുമാര്‍ ഇതുവരെ 7 പോയിന്‍റുകള്‍ നേടി. ഓവറോള്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ഹോണ്ട റേസിങ് ഇന്ത്യ ടീം.
2022 എആര്‍ആര്‍സി സീസണ്‍ ഹോണ്ട ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാനത്തിന് തൊട്ടുമുമ്പുള്ള റൗണ്ടിനായി മലേഷ്യയില്‍ തിരിച്ചെത്തുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്. മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് തങ്ങളുടെ റൈഡര്‍മാര്‍ക്ക് പരിചിതമായ ട്രാക്കാണ്, ഇവിടെ നല്ല ഫലം ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.