കൊച്ചി: 2022 എംആര്‍എഫ്, എംഎംഎസ്സി, എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാന റൗണ്ടിലും മികച്ച പ്രകടനവുമായി ഹോണ്ട റൈഡര്‍ രാജീവ് സേതു. ദേശീയ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രോ-165സിസി വിഭാഗത്തിലെ ആദ്യദിന റേസിലാണ് ഐഡിമിത്സു ഹോണ്ട എസ്കെ69 റേസിങ് ടീമിലെ രാജീവ് സേതു രണ്ടാം സ്ഥാനം നേടിയത്. 11:51.067 സെക്കന്‍ഡിലായിരുന്നു രാജീവിന്‍റെ ഫിനിഷിങ്.
ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ വിഭാഗത്തില്‍ പൂനെയുടെ സാര്‍ഥക് ചവാന്‍ ഒന്നാമനായി. മലപ്പുറത്ത് നിന്നുള്ള മൊഹ്സിന്‍ പി രണ്ടാം സ്ഥാനത്തെത്തി. ശ്യാം സുന്ദറിനാണ് മൂന്നാം സ്ഥാനം. സിബിആര്‍150ആര്‍ വിഭാഗത്തില്‍ 14കാരനായ മുംബൈയുടെ റഹീഷ് ഖത്രി തുടര്‍ച്ചയായ ഒന്‍പതാം വിജയം നേടി കരുത്ത് തെളിയിച്ചു. ഹര്‍ഷിത് ബോഗാര്‍ രണ്ടാമനായപ്പോള്‍, സിദ്ധേഷ് സാവന്ത് മൂന്നാമനായി ഫിനിഷ് ചെയ്തു. ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് സപ്പോര്‍ട്ട് റേസിന്‍റെ ആദ്യ റേസില്‍, ജി ബാലാജി, കയാന്‍ സുബിന്‍ പട്ടേല്‍, ടി. രാമകൃഷ്ണ എന്നിവര്‍ യഥാക്രമം അദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
ഹോണ്ട റേസിങ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആവേശകരമായ സീസണായിരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. രാജീവിന്‍റെ സ്ഥിരതയാര്‍ന്ന പ്രകടനം ടീമിന് കൂടുതല്‍ പോയിന്‍റുകള്‍ നല്‍കിയതിനൊപ്പം, ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനത്തേക്ക് തങ്ങളെ കൂടുതല്‍ അടുപ്പിച്ചു. എന്‍എസ്എഫ്250ആര്‍, സിബിആര്‍150ആര്‍ വിഭാഗങ്ങളിലെ ഇന്നത്തെ റേസുകളില്‍ ഒന്നാമതെത്തി സാര്‍ഥക് ചവാനും റഹീഷ് ഖത്രിയും ഒരിക്കല്‍ കൂടി തങ്ങളുടെ മികവ് ആവര്‍ത്തിച്ചു. കൂടുതല്‍ മികച്ച പ്രകടനങ്ങളോടെ സീസണ്‍ അവസാനിപ്പിക്കാന്‍ തങ്ങളെല്ലാം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.