കൊച്ചി: ലോകത്തിലെ നമ്പര്‍ വണ്‍ പ്രോബയോട്ടിക് ഫെര്‍മെന്റെഡ് മില്‍ക്ക് ഡ്രിങ്ക് ബ്രാന്‍ഡ് ആയ യാകുള്‍ട്ട് ഡാനോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സുമായി സഹകരണം പ്രഖ്യാപിച്ചു. ധാരണപ്രകാരം, കെബിഎഫ്‌സിയുടെ ഔദ്യോഗിക ഹെല്‍ത്ത് പാര്‍ട്ണര്‍മാരായിരിക്കും യാകുള്‍ട്ട്. 2008ലാണ് യാകുള്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ 31 സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണപ്രദേശങ്ങളിലും യാകുള്‍ട്ട് പാനീയം ലഭ്യമാണ്. 40 രാജ്യങ്ങളിലായി പ്രതിദിനം 40 ദശലക്ഷത്തിലധികം യാകുള്‍ട്ട് ബോട്ടിലുകള്‍ വിറ്റഴിക്കുന്നുണ്ട്. വര്‍ഷങ്ങളായുള്ള ഗവേഷണത്തിലൂടെ സ്ഥാപിച്ചെടുത്ത പ്രത്യേക ആരോഗ്യ ഗുണങ്ങളാണ് യാകുൾട്ട് വാഗ്ദാനം ചെയ്യുന്നത്.
യാകുള്‍ട്ടില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ മതിയായ അളവില്‍ ജീവനോടെ ആമാശയത്തില്‍ എത്തുകയും, ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഇതിന്റെ ദൈനംദിന ഉപഭോഗം ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകരമാവുകയും ചെയ്യുന്നുണ്ട്. യാകുള്‍ട്ട്, യാകുള്‍ട്ട് ലൈറ്റ് (പഞ്ചസാര കുറഞ്ഞത്) എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഉത്പാദന തീയതി മുതല്‍ 40 ദിവസം വരെ യാകുള്‍ട്ട് ഉപയോഗിക്കാം.
ആരോഗ്യകരമായ അന്തരീക്ഷത്തിലേക്ക് സംഭാവന ചെയ്യുന്നതിനൊപ്പം നല്ല ആരോഗ്യം കെട്ടിപ്പടുക്കാന്‍ കഴിയുന്ന എല്ലാ പ്രോഗ്രാമുകളെയും പ്രവര്‍ത്തനങ്ങളെയും യാകുള്‍ട്ട് ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന് യാകുള്‍റ്റ് ഡാനോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഹിരോഷി ഹമാദ പറഞ്ഞു. 2022/2023 സീസണില്‍ കൂടുതല്‍ മുന്നോട്ട് പോകാനും മറ്റ് ടീമുകള്‍ക്ക് കടുത്ത മത്സരം നല്‍കാനും കഴിയുന്ന ഒരു ടീമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ ഞാന്‍ വിശ്വസിക്കുന്നത്, ഈ ടീമിന് മികച്ച മുന്‍കാല റെക്കോര്‍ഡുണ്ട്. കൂടാതെ, ക്ലബ്ബിന് ശക്തമായ ആരാധവൃന്ദവുമുണ്ട്. അതിനാലാണ് ഈ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാനും തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനും ഞങ്ങള്‍ തിരഞ്ഞെടുത്തത്. അതുവഴി ടീമിന് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്കും പൊതുവേ പ്രയോജനം ലഭിക്കും-ഹിരോഷി ഹമാദ പറഞ്ഞു. ഈ സഹകരണത്തിന്റെ ഭാഗമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് ഒരു ജാപ്പനീസ് ലീഗ് ക്ലബ് അവതരിപ്പിക്കുന്ന കാര്യവും ഞങ്ങള്‍ പരിഗണിക്കുന്നുണ്ടെന്ന് ഹമാദ പറഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ സാധ്യതകള്‍, വരും സീസണില്‍ ക്ലബ്, താരങ്ങള്‍, ഗ്രാസ് റൂട്ട് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെബിഎഫ്‌സിയുടെ അസോസിയേറ്റ് സ്‌പോണ്‍സറായി യാകുള്‍ട്ട് ഞങ്ങളോടൊപ്പം ഉണ്ടാവുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യത്തിനും സന്തോഷത്തിനും സംഭാവന ചെയ്യുക എന്ന ആഗോള ദൗത്യവുമായി, ഐഎസ്എലിന്റെ വരാനിരിക്കുന്ന സീസണുകളില്‍ സഹകരിക്കാന്‍ യാകുള്‍റ്റ് കെബിഎഫ്‌സിയെ തിരഞ്ഞെടുത്തത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്. കെബിഎഫ്‌സി ആരാധകരുമായും ദശലക്ഷക്കണക്കിന് ആളുകളുമായും ബ്രാന്‍ഡിനെ ബന്ധിപ്പിക്കാനും എത്തിക്കാനും, ഈ ആവേശകരമായ പങ്കാളിത്തത്തിലൂടെ യാക്കുള്‍ട്ട് ടീമിനൊപ്പം പ്രവര്‍ത്തിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ പങ്കാളിത്തം അര്‍ത്ഥവത്തായ കാമ്പയിനുകള്‍ കെട്ടിപ്പടുക്കുന്നതിന് ഞങ്ങള്‍ക്ക് അവസരം നല്‍കും, രണ്ട് ബ്രാന്‍ഡുകള്‍ക്കും വിജയകരമായ പങ്കാളിത്തമുണ്ടാക്കുകയും ചെയ്യും. കെബിഎഫ്‌സിയില്‍ ഞങ്ങള്‍ നല്ല ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നുവെന്നും നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.