യു പി മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിൻറെയും സഹോദരൻറെയും കൊലപാതകത്തിൽ വിശദ സത്യവാങ്മൂലം നൽകാൻ യുപി സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. അതീഖ് അഹമ്മദിന് ഒമ്പത് തവണ വെടിയേറ്റതായും സഹോദരൻ അഷ്റഫ് അഹമ്മദിൻറെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തതായുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതീഖ് അഹമ്മദിനെ ആശുപത്രിയിൽ കൊണ്ടുവരുന്നകാര്യം പ്രതികൾ എങ്ങനെ അറിഞ്ഞെന്ന് കോടതി ചോദിച്ചു. ആംബുലൻസിൽ കൊണ്ടു പോകാതെ പരിശോധനയ്ക്ക് നടത്തി കൊണ്ടുപോയതെന്തെന്നും കോടതി ആരാഞ്ഞു. വികാസ് ദുബൈ ഏറ്റുമുട്ടൽ കൊലപാതകത്തിലെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദ്ദേശിച്ചു. കേസ് അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു.