കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തി. ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കേരള മോഡൽ വിദ്യാഭ്യാസവും അതിന്റെ ഭരണപരമായ വിവരങ്ങളും സംബന്ധിച്ച ആശയവിനിമയമാണ് നടന്നത്.1957 ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒന്നാം പിണറായി വിജയൻ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും അതിന്റെ ഗുണഫലങ്ങളും ചർച്ച ചെയ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന നവീന ആശയങ്ങളും പദ്ധതികളും വിശദമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളുടെ മേധാവികളുമായും മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും വേറെ യോഗം ചേരുകയുമുണ്ടായി.പൊതുവിദ്യാഭ്യാ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ് , സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ , എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ, എസ് ഐ ഇ ടി ഡയറക്ടർ ബി. അബുരാജ്, സ്കോൾ കേരള വൈ. ചെയർമാൻ ഡോ.പി. പ്രമോദ് , തുടങ്ങി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളിലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.