ദില്ലി: കുട്ടികൾക്ക് കൊവിഡ‍് വാക്സീൻ നൽകാനുള്ള തീരുമാനം അശാസ്ത്രീയമെന്ന് എയിംസിലെ സീനിയർ എപ്പിഡമോളജിസ്റ്റ്. ജനുവരി മൂന്ന് മുതൽ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സീൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ എയിംസിലെ സാംക്രമികരോഗ വിദഗ്ധന്റെ പ്രതികരിച്ചു. ഇതുമൂലം കൂടുതലായി ഒരു പ്രയോജനവും ലഭിക്കില്ലെന്ന് ഡോ. സഞ്ജയ് കെ റായ് പറഞ്ഞു. മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള കൊവാക്സിൻ പരീക്ഷണങ്ങളുടെ എയിംസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റും കൂടിയാണ് ഡോ. സഞ്ജയ്.
ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കും മുമ്പ് കുട്ടികൾക്ക് ഇതിനകം വാക്സീൻ നൽകിയ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ പഠിക്കുമ്പോൾ ബൂസ്റ്റർ വാക്സീൻ എടുക്കുന്നവരിൽ പോലും കൊവിഡ് ബാധിക്കുന്നുണ്ട് എന്നാണ് കാണുന്നത്. കുട്ടികളുടെ കാര്യത്തിലേക്ക് വരുമ്പോൾ അണുബാധയുടെ തീവ്രത വളരെ കുറവാണ്. ഒരു ദശലക്ഷം ജനസംഖ്യയിൽ രണ്ട് മരണങ്ങൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ അവസ്ഥയിൽ ഈ തീരുമാനം കൊണ്ട് ഗുണങ്ങളേക്കാൾ റിസ്ക്കുകളാണ് കൂടുതലുള്ളതെന്നും ഡോ. സഞ്ജയ് കെ റായ് കൂട്ടിച്ചേർത്തു.