തിരുവനന്തപുരം: അവയവദാനത്തിന്‍റെ പ്രസക്തിയെക്കുറിച്ച് രാജ്യമെമ്പാടും ബോധവത്കരിക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശികളായ ബാല്‍ശേഖര്‍ചിപാന-നമിതാദത്ത ദമ്പതികള്‍. സ്വന്തം മകള്‍ക്ക് വൃക്കമാറ്റിവയ്ക്കേണ്ടിവന്നപ്പോള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളാണ് ബോധവത്കരണയജ്ഞത്തിന് പ്രേരിപ്പിച്ചത്. അവയവദാന ബോധവത്കരണത്തിനായി 22,500 കിലോമീറ്റര്‍ താണ്ടി 28 സംസ്ഥാനങ്ങളിലെ 131 നഗരങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിക്കും. ഡിസംബര്‍ 10ന് ആരംഭിച്ച യാത്ര ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും. യാത്രയുടെ ഭാഗമായി തിങ്കള്‍ രാവിലെ മെഡിക്കല്‍ കോളേജിലെ മൃതസഞ്ജീവനി ഓഫീസ് സന്ദര്‍ശിച്ചു. പാന്‍ ഇന്ത്യ റോഡ് ട്രിപ്പ് എന്നപേരില്‍ അവയവദാന ക്യാമ്പയിന്‍ നടത്തുന്നതിന് ദമ്പതികള്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി കോസ് ട്രാവലേഴ്സ് സോഷ്യല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ പ്രസിഡന്‍റുകൂടിയാണ് ബാല്‍ശേഖര്‍ ചിപാന. ഈ സംഘടനയുടെ സഹകരണത്തോടെയാണ് ദമ്പതികള്‍ അവയവദാന സന്ദേശയാത്ര നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനി നടത്തുന്ന മഹത് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ ബാല്‍ശേഖറും നമിതാദത്തയും മെഡിക്കല്‍ കോളേജിലെ ഓഫീസിലെത്തുകയും അതിന്‍റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ആരായുകയും ചെയ്തു. മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് സംസ്ഥാന സര്‍ക്കാരിന്‍റെ മസ്തിഷ്കമരണാനന്തര അവയവദാന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും അവയവദാനകാര്‍ഡ് നല്‍കി. മൃതസഞ്ജീവനിയുടെ പ്രോജക്ട് മാനേജര്‍ ശരണ്യ, ട്രാന്‍സ്പ്ലാന്‍റ് കോ ഓര്‍ഡിനേറ്റര്‍ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.