ദില്ലി: ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ദില്ലി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നായിരുന്നു ദില്ലി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുകയാണ്. ഏറ്റവും അധികം ഒമിക്രോൺ കേസുകളുള്ള മഹാരാഷ്ട്രയിൽ 31 പേർ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകൾ 141 ആയി. 61 പേർ ഇവിടെ രോഗമുക്തരായിട്ടുണ്ട്. 79 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത ദില്ലിയിൽ 23 പേർ രോഗമുക്തരായി. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകൾ ആറ് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കിലെത്തിയത് ആശങ്കയാകുന്നു. 24 മണിക്കൂറിനിടെ ദില്ലിയിൽ 290 കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.