വാഷിങ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ ക്രിസ്മസ് സമ്മാനവുമായി സന്ദര്‍ശിക്കാന്‍ എത്തിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സമ്മാനങ്ങള്‍ നിറച്ച സഞ്ചി തോളില്‍ തൂക്കി ക്രിസ്മസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയില്‍ എത്തിയ ഒബാമയെ കണ്ട കുട്ടികള്‍ ആദ്യമൊന്നു ഞെട്ടി.
പിന്നീട് കുട്ടികളുടെ കൂടെ ഒരുപാടു നേരം ചിലവഴിക്കുകയും സ്‌നേഹം അറിയിക്കുകയും അവര്‍ക്കായി കരുതിയ സമ്മാനങ്ങള്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹം കൈമാറുകയും ചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കുവാന്‍ കഴിഞ്ഞുവെന്നും, മിടുക്കരായ കുറെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വീറ്റ് ചെയ്തു.
ഒബാമയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതരാണ് ട്വീറ്റ് ചെയ്തത്. ആ വീഡിയോ റീട്വീറ്റ് ചെയ്ത് ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി പറഞ്ഞു. പ്രതിഫലം ആഗ്രഹിക്കാതെ ആ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന നഴ്‌സുമാരും ജീവനക്കാരുമാണ് അവിടെ കണ്ട ഏറ്റവും നല്ല കാഴ്ചയെന്നും ഒബാമ പറയുന്നു. ഒബാമ കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്‌സ് ആന്റ് ഗേള്‍സ് ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി എത്തിയിരുന്നു.