കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദൂസിലെഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. കുന്ദൂസിലെ ഷിയാ പള്ളിയില്‍ ഇന്ന് ഉച്ചക്ക് ഭീകരാക്രമണം നടന്നെന്നും നിരവധി പേര്‍ രക്തസാക്ഷികളായെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ന്യൂനപക്ഷമായ ഷിയാക്കള്‍ക്കെതിരെ ഭീകരവാദികളുടെ ആക്രമണം നടക്കാറുണ്ട്. അഫ്ഗാന്‍ ജനസംഖ്യയില്‍ 20 ശതമാനമാണ് ഷിയാ മുസ്ലീങ്ങള്‍. ഹസാരയിലാണ് ഭൂരിപക്ഷം ഷിയാക്കളും താമസിക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. 2017 ഒക്ടോബറില്‍ ഷിയാ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 56 പേരാണ് കൊല്ലപ്പെട്ടത്.