റിയാദ്: 2030-ലെ വേൾഡ് എക്സ്പോക്ക് (റിയാദ് എക്സ്പോ 2030) ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച ഫയൽ ഇൻറർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷൻസിന് (ഐ.ബി.ഇ) സൗദി അറേബ്യ ഒൗദ്യോഗികമായി കൈമാറി. ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് അൽ റുവൈലിയാണ് ‘റിയാദ് എക്‌സ്‌പോ 2030’ രജിസ്‌ട്രേഷൻ രേഖകൾ നൽകിയത്.
സൗദിയുടെ വീക്ഷണത്തിന്‍റെ സവിശേഷതകളും അസാധാരണമായ ഒരു എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള സമഗ്രപദ്ധതികളും വിവരിക്കുന്ന ഒരു സംയോജിത രേഖയാണ് ഈ ഫയൽ. ഒരു വർഷത്തിനുള്ളിൽ റെക്കോർഡ് സമയത്തിനുള്ളിലാണ് ഇത് പൂർത്തിയാക്കിയത്. അഭൂതപൂർവമായ ആഗോള സംഭവത്തിന് ലോകത്തെ ആതിഥേത്വം വഹിക്കാനുള്ള റിയാദിെൻറ പ്രതിബദ്ധതയും സന്നദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് ഇത്.
വേൾഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള റിയാദിെൻറ ‘ബിഡ് 2019’െൻറ തുടക്കത്തിലാണ് ആരംഭിച്ചതെന്നും 2023 നവംബറിൽ സൗദി വിജയിക്കുന്നതുവരെ അതിനുള്ള ശ്രമങ്ങൾ തുടർന്നുവെന്നും റിയാദ് എക്‌സ്‌പോ 2030 സപ്പോർട്ട് ഓഫീസ് ഡയറക്ടർ ജനറൽ എൻജി. അബ്ദുൽ അസീസ് അൽഗാനിം പറഞ്ഞു. ഇൗ ആഗോള ഫോറം ഏറ്റവും ഉയർന്ന തലത്തിലുള്ള നവീകരണങ്ങളോടെ ചരിത്രത്തിൽ അസാധാരണവും അഭൂതപൂർവവുമായ ഒരു പതിപ്പ് അവതരിപ്പിക്കാൻ സൗദി തീരുമാനിച്ചതായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എക്‌സ്‌പോ 2030ൽ ലോകത്തെ ഉൾക്കൊള്ളാൻ റിയാദ് തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.