കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച രാവിലെ വരെയും പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. രാജ്യത്ത് തെക്കു കിഴക്കൻ കാറ്റിന്റെ സാന്നിധ്യം സജീവമാണെന്നും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി ദൃശ്യപരതയും കുറയും. തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദരാർ അൽ അലി പറഞ്ഞു.
ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന തിരമാലകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമായ കാറ്റിനോടൊപ്പം പൊടിയും ഉയരുന്നതിനാൽ ആസ്മ, അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ മാസ്ക്ക് ധരിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.