മനാമ: ഖത്തർ സ്വകാര്യമേഖലയിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് അന്ത്യമായി.ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം. സർക്കാർ, അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് പുതിയ സംവിധാനം പ്രകാരം എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കൽ ബാധകമല്ല.
സെപ്തംബർ ആദ്യവാരം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനായി തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗ തിപ്രകാരം ഓരോ സ്ഥാപനത്തിനും അഞ്ചു ശതമാനം ജീവനക്കാരെ മാത്രമേ എക്‌സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തിൽ ഉൾപ്പെടുത്താനാകൂ. ഈ അഞ്ചു ശതമാനംപേരെ പൂർണമായും സ്ഥാപനത്തിനു തീരുമാനിക്കാനാകും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സുഗമമാക്കുന്നതിനാണ് അഞ്ചു ശതമാനംപേരെ എക്‌സിറ്റ് പട്ടികയിൽ നിലനിർത്താൻ സ്ഥാപനങ്ങൾക്ക‌് അനുമതി നൽകിയത്. ഇത് സ്ഥാപനത്തിലെ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്നവരാകാം.
എക്‌സിറ്റ് പെർമിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങൾ കമ്പനികളും തൊഴിലുടമകളും നൽകണം. ഇതിനായി പ്രത്യേക ഇ പ്ലാറ്റ്‌ഫോം മന്ത്രാലയം ഒരുക്കി. എന്തെങ്കിലും കാരണത്താൽ തൊഴിലാളിയെ നാട്ടിലേക്കുപോകാൻ അനുവദിച്ചില്ലെങ്കിൽ എക്‌സ്പാട്രിയേറ്റ് എക്‌സിറ്റ് ഗ്രീവിയൻസ് സമിതിക്ക് പരാതി നൽകാം. മൂന്നു ദിവസത്തിനകം പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.