ബെയ്ജിംഗ്: ചൈനയിൽ ഒരു മാസത്തിനുള്ളിൽ 60,000 കൊവിഡ് മരണങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്. ആശുപത്രികളിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് വിവരം. 2022 ഡിസംബർ 8 നും ഈ വർഷം ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡിസംബർ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു.