ഓഗസ്റ്റ് 31 ന് അവസാന യുഎസ് സൈനീകനും രാജ്യം വിടും വരെ കാത്ത് നിന്ന താലിബാന്‍ ,അഫ്ഗാനിലെ അധിനിവേശ ശക്തികളെല്ലാം പുറത്ത് പോയപ്പോള്‍ പുതിയ അധിനിവേശകരായി അധികാരമേറ്റു. മൊത്തം മന്ത്രിസഭയിലെ പകുതിയധികം പേരും ഐക്യരാഷ്ട്ര സഭ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരാണെന്ന് പുറകെ വാര്‍ത്തകളും വന്നു. തങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ട് കാബൂളില്‍ സ്ത്രികള്‍ സമരം ചെയ്തതിന് പിന്നാലെ താലിബാന്‍- മുജാഹിദ്ദുകളുടെ ഭരണത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് അറിയിച്ച് കൊണ്ട് ശരീരമാസകലം കറുത്ത പര്‍ദ്ദയണിഞ്ഞ സ്ത്രീകള്‍, താലിബാന്‍ തീവ്രവാദിയുടെ തോക്കിന്‍ കീഴില്‍ പ്രകടനം നടത്തി. എന്നാല്‍ ഏറ്റവും ഒടുവില്‍ അഫ്ഗാനെന്ന തങ്ങളുടെ മാതൃരാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യാനായി അതിര്‍ത്തികളിലെത്തിയ പതിനായിരക്കണക്കിനാളുകളെ വിദേശ രാജ്യങ്ങള്‍ പുറത്ത് വിട്ട ചില സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ കാണാം.
തങ്ങള്‍ പഴയ താലിബാനികളല്ലെന്നും സാഹചര്യങ്ങള്‍ക്കനുശൃതമായി മാറിയ പുതിയ താലിബാനികളാണെന്നുമായിരുന്നു വിദേശരാജ്യങ്ങളുമായുള്ള ആദ്യത്തെ ചര്‍ച്ചകളിലെല്ലാം താലിബാന്‍ തീവ്രവാദികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അധികാരമേറ്റെടുത്ത താലിബാന്‍ തീവ്രവാദികള്‍ പിന്നീട് തങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിവാക്കുക തന്നെ ചെയ്തു.