ലണ്ടന്‍: നിസ്വാര്‍ഥ സേവനങ്ങളുടെ മാതൃകയാണ് തന്റെ അമ്മയെന്ന് എലിസബത്ത് രാജ്ഞിയെ വിശേഷിപ്പിച്ച് ചാള്‍സ് മൂന്നാമന്‍. പുതിയ രാജാവായി പ്രഖ്യാപിക്കപ്പെട്ടശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിലെ അനുശോചന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വിമാന മാര്‍ഗം സ്കോട്ട്‌ലന്‍ഡിലെത്തി എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തില്‍നിന്ന് സെന്റ് ഗില്‍സ് കത്തീഡ്രലിലേക്ക് മൃതദേഹവുമായുള്ള വിലാപയാത്രയിലും പങ്കെടുത്തു.
1953ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലാണ് അവരുടെ സംസ്കാരം ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുന്നത്. സ്കോട്ട്‌ലന്‍ഡില്‍നിന്ന് മൃതദേഹം ചൊവ്വ രാവിലെ വിമാനമാര്‍ഗം ലണ്ടനിലേക്ക് എത്തിക്കും. ബുധന്‍ രാവിലെ വിലാപയാത്രയായി വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെത്തിക്കും. സംസ്കാരം നടക്കുന്ന 19ന് പകൽ 11 വരെ പൊതുജനങ്ങള്‍ക്ക് മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാം.18ന് രാത്രി എട്ടിന് ഒരുമിനിറ്റ് മൗനം ആചരിക്കും. വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിന്റെ അനുബന്ധ ചാപ്പലായ കിങ് ജോര്‍ജ് ആറാമന്‍ സ്മാരക ചാപ്പലാണ് രാജ്ഞിയുടെ അന്ത്യവിശ്രമയിടം.