ജനീവ: ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്‌ട്ര സംഘടന. നിര്‍ബന്ധിത ജോലി, നിർബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലാണിതെന്നും സമീപകാലത്ത് ഇതില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2030ഓടെ ആധുനിക അടിമത്തം തുടച്ചുനീക്കാനാണ് യുഎന്നിന്റെ തീരുമാനം. എന്നാല്‍, 2016 മുതല്‍ 2021 വരെ നിര്‍ബന്ധിത വിവാഹത്തിലും തൊഴിലിലും പെട്ടവരുടെ എണ്ണം ഒരുകോടിയിലെത്തി. കണക്കുകള്‍ പ്രകാരം 150ല്‍ ഒരാള്‍ വീതം ആധുനിക അടിമത്തത്തിന്റെ ഇരയാകുന്നു. കോവിഡില്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെട്ടത് പ്രശ്നം രൂക്ഷമാക്കി.