റിയാദ്: വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിനായി ധാരണാപത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഒപ്പുവെച്ചു. സാമൂഹിക, രാഷ്ട്രീയ, സുരക്ഷ, സാംസ്‌കാരിക മേഖലയില്‍ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം വിശകലനം ചെയ്ത ഇന്ത്യന്‍-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മന്ത്രിതല യോഗത്തിന് ശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ജി 20 രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും കാര്യത്തില്‍ യോജിച്ച് നീങ്ങാനുള്ള ധാരണ ഇന്ത്യ-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ മന്ത്രിതല യോഗം മുന്നോട്ടുവെച്ചു.പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ളോമാറ്റിക് സ്റ്റഡീസില്‍ സന്ദര്‍ശനം നടത്തിയ ഡോ. എസ് ജയശങ്കര്‍ വിവിധ വിഷയങ്ങള്‍ സംബന്ധമായി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ഥികളില്‍നിന്നുയര്‍ന്ന നിരവധി ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കി.
മാത്രമല്ല സംസാരത്തില്‍ ഇന്ത്യയും സൗദിയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള നല്ല ബന്ധം സ്മരിക്കുകയും തുടര്‍ന്നും പ്രത്യേകിച്ചും തന്ത്രപ്രധാന ബന്ധം നിലനിര്‍ത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.