താഷ്കെന്റ്: ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല.
ഇരുപത് വര്‍ഷത്തോളം നീണ്ട എസ്‍സിഒ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇറാന്‍ രാജ്യ തലവന്‍മാരുമായി നയതന്ത്രതല ചർച്ച നടത്തുകയും ചെയ്യും. റഷ്യയുമായി വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമുള്ള വിഷയങ്ങളില്‍ മോദി ചർച്ച നടത്തും.
ഉച്ചകോടിയിൽ എസ്‌സിഒ അംഗരാജ്യങ്ങളിലെ നേതാക്കൾ, നിരീക്ഷക രാജ്യങ്ങൾ, എസ്‌സിഒയുടെ സെക്രട്ടറി ജനറൽ, എസ്‌സിഒ റീജിയണൽ ആന്റി ടെററിസ്റ്റ് സ്‌ട്രക്‌ചറിന്റെ (റാറ്റ്‌സ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ, തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ്, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.