തിരുവനന്തപുരം: ഒരു പഞ്ചായത്തിൽ ഒരേസമയം ഇരുപതിൽ കൂടുതൽ തൊഴിലുറപ്പ് പ്രവൃത്തികൾ ഏറ്റെടുക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രിക്ക് കത്ത് നൽകും.
ഈ വർഷം 10.47 കോടി തൊഴിൽ ദിനങ്ങൾ അനുവദിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം സമർപ്പിച്ചിരുന്നെങ്കിലും ആറ് കോടി തൊഴിൽ ദിനങ്ങൾക്ക് മാത്രമേ അംഗീകാരം നൽകിയിട്ടുള്ളു. തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ചരിത്രത്തിലെ ഏറ്റവും കൂടിയ തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. 16.45 ലക്ഷം കുടുംബങ്ങൾക്ക് 10.59 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. ഈ വർഷം ആഗസ്‌ത് 15 വരെ 12.53 ലക്ഷം കുടുംബങ്ങൾക്ക് 2.84 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.