സ്വന്തം രാജ്യത്തെ അക്രമങ്ങളില്‍ നിന്ന് സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതം തേടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള മറ്റൊരു ദേശത്തേക്ക് കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ജീവന്‍ പോലും പണയം വച്ച് പോകുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അടുത്ത കാലത്തായി ഏറെ ഉയര്‍ന്നു. ഇന്ന്, മതത്തിന്‍റെ പേരില്‍ മാത്രമൊഴുകുന്ന അഭയാര്‍ത്ഥികള്‍ കോടികളാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വെളിപ്പെടുത്തുന്നു.
ഏഷ്യയില്‍ നിന്നും ആഫിക്കയില്‍ നിന്നും യൂറോപ്പിലേക്ക് വലിയ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി അഭയാര്‍ത്ഥി പ്രവാഹം കണക്കാക്കപ്പെടുന്നു. ഇത്തരത്തില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമ്പോള്‍ പലപ്പോഴും കുട്ടികള്‍ അവരുടെ മാതൃരാജ്യത്ത് നിന്നെന്ന പോലെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിയുന്നു. അങ്ങനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒറ്റയ്ക്കായ പതിനായിരക്കണക്കിന് കുരുന്നുകള്‍ യൂറോപിലും അമേരിക്കയിലും അഭയാര്‍ത്ഥികളായി ജീവിക്കുന്നെന്ന് കണക്കുകള്‍ കാണിക്കുന്നു.
ഈ കുരുന്നുകളെ വീണ്ടെടുക്കാന്‍ കൂടിയാണ് കുഞ്ഞ് അമല്‍ നടക്കുന്നത്. അഭയാര്‍ത്ഥികളുടെ ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലേക്ക് ലോക ശ്രദ്ധതിരിക്കാനാണ് 'ലിറ്റില്‍ അമല്‍' തന്‍റെ യാത്ര തുടങ്ങിയത്. ഒന്നും രണ്ടുമല്ല. 8,000 കിലോമീറ്റർ യാത്രയിലാണ് അവളിപ്പോള്‍.
9 വയസ്സുള്ള അമൽ എന്ന സിറിയൻ പെൺകുട്ടിയുടെ 3.5 മീറ്റർ ഉയരമുള്ള ഭീമാകാരമായ പാവയാണ് 'കുഞ്ഞ് അമല്‍.' തുർക്കിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കാല്‍നടയായിട്ടാണ് അവളുടെ യാത്ര. അപൂര്‍വ്വമായി ബോട്ടുകളെയും ആശ്രയിക്കുന്നു.