കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൊവിഡ് മഹാമാരിക്ക് സമാനതകളില്ലാത്തെ വ്യാപനമായിരുന്നു ലോകത്തുണ്ടായത്. എന്നാല്‍, കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കൊവിഡ് രോഗബാധ ഇല്ലാതിരുന്ന ഒരു സ്ഥലം ലോകത്തുണ്ട്. അങ്ങ് അറ്റ്ലാന്റിക് സമുദ്രത്തിൽ, കരയില്‍ നിന്നും 6,140 മൈൽ അകലെ (9881 കിലോമീറ്റര്‍) ഉള്ള ട്രിസ്റ്റൻ ഡ കുൻഹ എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വത ദ്വീപ്.
അന്‍റ്ലാന്‍റിക് സമുദ്രത്തില്‍ ആഫ്രിക്കന്‍ വന്‍കരയ്ക്കും തെക്കേ അമേരിക്കന്‍ വന്‍കരയ്ക്കും ഇടയില്‍ ഏതാണ്ട് മദ്ധ്യത്തിലായി കിടക്കുന്ന അഗ്നിപര്‍വ്വത ദ്വീപാണ് ട്രിസ്റ്റന്‍ ഡ കുന്‍ഹ. ബ്രിട്ടീഷ് അധീനതയിലുള്ള ഈ ദ്വീപില്‍ ഏതാണ്ട് 250 ഓളം അന്തേവാസികളാണ് ഉള്ളത്. ഇവിടെ ഇതുവരെയായും കൊവിഡ് രോഗാണുവിന് പ്രവേശനുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടര വര്‍ഷത്തിനിടെയിലെ കൊവിഡ് വ്യാപനം രാജ്യത്തിന്‍റെ ഉത്പാദനത്തെയും അത് വഴി സമ്പത്ത് വ്യവസ്ഥയെയും പിടിച്ച് ഉലച്ചെന്ന് കണക്കുകളും പറയുന്നു. അപ്പോഴും ആഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് ഒരാഴ്ച നീണ്ട് നിൽക്കുന്ന കപ്പല്‍ യാത്രയിലൂടെ എത്തപ്പെടാന്‍ പറ്റുന്ന യുകെയുടെ അധീനതയിലുള്ള ട്രിസ്റ്റൻ ഡ കുൻഹ ദ്വീപില്‍ ഇതുവരെയായും ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല.
ട്രിസ്റ്റൻ ഡ കുൻഹയുടെ മാതൃരാജ്യമായ യുകെയില്‍ കൊവിഡ് രോഗാണുവ്യാപനം അഞ്ചാം തരംഗത്തിലേക്ക് കടക്കുകയാണ്. യുകെയില്‍ ഇതുവരെയായി 2,27,41,065 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വോള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു. അതേസമയം 1,80,417 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. രാജ്യം നിലവില്‍ അഞ്ചാം തരംഗത്തിലേക്ക് കടന്നു.