ഇറാനില്‍ 2.7.2022 ന് പുലര്‍ച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയില്‍ വരെ അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ 5 പേര്‍ മരിച്ചതായും 44 പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ FARS റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമായ തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെയ്ക്ക് ശേഷം അഞ്ച് തവണയോളമാണ് ഭൂചലനമുണ്ടായത്. 4.3 മുതല്‍ 6.3 വരെയായിരുന്നു ഇവയുടെ തീവ്രത രേഖപ്പെടുത്തിയത്. ഇവയില്‍ പുലര്‍ച്ചെ 1.32നും 3.24നും അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങള്‍ 6.3 തീവ്രതയുള്ളതായിരുന്നുവെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) വെബ്‌സൈറ്റ് അനുസരിച്ച്, 6.1 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ഭൂകമ്പ കേന്ദ്രമായ തെക്കൻ തുറമുഖ നഗരമായ ബന്ദർ-ഇ ലെംഗെക്ക് സമീപം നാല് വ്യത്യസ്ത ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. അതേസമയം യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍റര്‍ 6.2 തീവ്രതയുള്ള ഭൂചലനവും പ്രദേശത്ത് രേഖപ്പെടുത്തി.
ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ പന്ത്രണ്ട് ഗ്രാമങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി വീടുകൾ തകർന്ന സയേഖോഷ് ഗ്രാമത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഭൂചലനത്തെ തുടർന്ന് അഞ്ച് ഗ്രാമങ്ങളിൽ വൈദ്യുതി നഷ്ടപ്പെട്ടതായും അധികൃതർ അറിയിച്ചു. നിലവിൽ, 75 രക്ഷാപ്രവർത്തന സേനകളും എമർജൻസി ടീമുകളും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ 12 ഓളം രക്ഷാവാഹനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇറാന്‍റെ റെഡ് ക്രസന്‍റ് സൊസൈറ്റി ട്വിറ്ററിൽ കുറിച്ചു.