തുർക്കിയിൽ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് രാജ്യത്തെ പല കരിങ്കടൽ പ്രവിശ്യകളിലും വെള്ളപ്പൊക്ക ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. വടക്ക് - പടിഞ്ഞാറൻ തുർക്കിയിൽ കനത്ത മഴയില്‍ നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നു. 200-ലധികം പേരെ രക്ഷപ്പെടുത്തുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്‌തതായി തുർക്കിയിലെ എമർജൻസി ആൻഡ് ഡിസാസ്റ്റർ അതോറിറ്റി (AFAD) അറിയിച്ചു. ബാർട്ടിൻ, സോൻഗുൽഡാക്ക്, കസ്തമോനു പ്രവിശ്യകളിലെ താമസക്കാരെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനും ഒഴിപ്പിക്കുന്നതിനുമായി കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള എമർജൻസി ടീമുകൾ രംഗത്തുണ്ട്. രണ്ടുപേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷത്തെ ദുരന്തം മുന്നിലുള്ളതിനാല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കാര്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി പ്രദേശിക ഭരണകൂടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കസ്തമോനു, സിനോപ്, ബാർട്ടിൻ, കരാബുക്, ഡ്യൂസെ, സോൻഗുൽഡാക്ക് പ്രവിശ്യകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി തുർക്കിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി റെഡ് ലെവൽ മുന്നറിയിപ്പ് നൽകി.
ഇതിനായി 899 വാഹനങ്ങൾ, 3 വിമാനങ്ങൾ, 7 മൊബൈൽ ബേസ് സ്റ്റേഷനുകൾ, 1 മൊബൈൽ കോർഡിനേഷൻ ട്രക്ക് എന്നിവയും മൊത്തം 4,684 ഉദ്യോഗസ്ഥരെയും കസ്റ്റമോനു, സിനോപ്പ്, ബാർട്ടിൻ, കരാബുക്, സോംഗുൽഡാക്ക്, ഡ്യൂസ് എന്നീ പ്രവിശ്യകളിലേക്ക് വിന്യസിച്ചതായും എഎഫ്‌എഡി അറിയിച്ചു.