മെക്സിക്കോ സിറ്റി: തോക്കുകൾക്കും ലഹരിക്കും പൂട്ടിടാനൊരുങ്ങുന്ന മെക്സിക്കോയിൽ ലഹരിക്കടത്തിനായി നിർമ്മിച്ച വലിയ തുരങ്കം കണ്ടെത്തി. മെക്സിക്കോയിലെ ടിജ്വാനയിൽ നിന്ന് അമേരിക്കയിലേക്ക് തുറക്കുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. വലിയ ഈ തുരങ്കത്തിൽ 800 അടി നീളത്തിൽ റെയിലുകളടക്കം നിർമ്മിച്ചിട്ടുണ്ട്.
മെക്സിക്കോയിൽ നിന്ന് വൻ തോതിൽ ലഹരി കടത്തുന്നതായി ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് മെക്സിക്കൻ പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി അതിർത്തികളിൽ പരിശോധന നടത്തുന്നതിനിടെ തുരങ്കം കണ്ടെത്തുകയായിരുന്നു. ടിജ്വാനയിലെ ഒരു വീടിന് അടിയിൽ നിന്നാണ് തുരങ്കം ആരംഭിക്കുന്നത്. പുറത്തേക്ക് കാണാത്ത വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതും. കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കപാതയാണ് ടിജ്വാനയിലേത്. കാലിഫോർണിയയിലാണ് ട്വിജ്വാനയിൽ നിന്ന് ആരംഭിക്കുന്ന ഈ വൻ തുരങ്കം അവസാനിക്കുന്നത്.
അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയതോടെ റോഡ് മാർഗമുള്ള കടത്ത് പ്രയാസകരമായതോടെയാണ് ഇത്തരമൊരു മാർഗം സ്വീകരിച്ചത്.മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തുന്നതിൽ പ്രധാനം കൊക്കെയ്ൻ ആണ്. മെക്സിക്കോയിൽ നിന്ന് മാത്രം അമേരിക്കയിലേക്ക് നിരവധി തുരങ്കങ്ങളാണ് ഉള്ളതെന്ന് അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാഴ്ച മുമ്പ് 1700 അടി നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു. മെക്സിക്കൻ അതിർത്തിയിൽ നിന്ന് കാലിഫോർണിയയിലെ ഒട്ടായ് മെസയിലേക്ക് തുറക്കുന്നതായിരുന്നു ഈ തുരങ്കം.