ഫിലിപ്പീൻസിൽ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ ചൊവ്വാഴ്ച 52 പേരെ കാണാതായെന്ന് സ്ഥിരീകരിച്ചതോടെ മൊത്തം മരണ സംഖ്യ 375 ആയെന്ന് ഫിലിപ്പൈൻ നാഷണൽ പൊലീസിനെ ഉദ്ധരിച്ച് സിഎൻഎൻ ഫിലിപ്പീൻസ് റിപ്പോർട്ട് ചെയ്തു. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യത്ത് ആഞ്ഞടിച്ച ഏറ്റവും മാരകമായ ചുഴലിക്കാറ്റുകളിലൊന്നാണ് റായ് ചുഴലിക്കാറ്റ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് കുറഞ്ഞത് 52 പേരെയെങ്കിലും കാണാതായെന്ന് തിരിച്ചറിഞ്ഞത്. നീഗ്രോസ് ഓക്‌സിഡന്‍റൽ പ്രവിശ്യയിൽ 57 വയസ്സുള്ള ഒരു പുരുഷനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീ ചുഴലിക്കാറ്റില്‍ പറന്നുപോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിലെ മധ്യ പ്രവിശ്യകളിൽ മാത്രം ഏതാണ്ട് 7,00,000-ത്തിലധികം ആളുകൾ ചുഴലിക്കാറ്റിൽ ദുരന്തമനുഭവിച്ചു. 4,00,000-ത്തിലധികം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് ആഞ്ഞടിച്ച ഏറ്റവും മാരകമായ ചുഴലിക്കാറ്റുകളിലൊന്നായിട്ടാണ് റായി ചുഴലിക്കാറ്റിനെ കണക്കാക്കുന്നത്. മുന്നറിയിപ്പുകളെ തുടര്‍ന്ന് പരമാവധി പേരെ താഴ്ന്നപ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിട്ടും മരണ സംഖ്യ ഇത്രയും ഉയര്‍ന്നത് ചുഴലിക്കാറ്റിന്‍റെ പ്രഹരസ്വഭാവത്തെ കാണിക്കുന്നു.
കുറഞ്ഞത് 515 പേർക്ക് പരിക്കേറ്റതായും 52 പേരെ കാണാതായതായും ഫിലിപ്പിയന്‍സ് പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ കൂടുതൽ മരണങ്ങൾ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ, വെള്ളപ്പൊക്കം തുടരുന്നതിനാല്‍ പല സ്ഥലങ്ങളുമായി റോഡുകൾ വഴിയുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ടെലിഫോൺ, ഇന്‍റർനെറ്റ് , വൈദ്യുതി ബന്ധങ്ങളെല്ലാം തകര്‍ന്നു. പലവാനിലെ അഞ്ച് പാലങ്ങൾ കൊടുങ്കാറ്റിൽ തകർന്നതായി ഫിലിപ്പീൻസ് റെഡ് ക്രോസ് ചെയർമാൻ സെനറ്റർ റിച്ചാർഡ് ഗോർഡൻ പറഞ്ഞു.
2020 ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 1 ദശലക്ഷം ആളുകൾ പടിഞ്ഞാറൻ പ്രവിശ്യയിൽ താമസിക്കുന്നു. ഏറ്റവും നാശനഷ്ടം സംഭവിച്ച പ്രദേശമാണിത്. "വീടുകൾ പൂർണ്ണമായും നശിച്ചു. വെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അടിയന്തര സാധനങ്ങൾ അയയ്ക്കാൻ ഞങ്ങൾ ശ്രമിക്കുന്നു," രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഈ വർഷം ഫിലിപ്പീൻസിൽ വീശിയടിക്കുന്ന പതിനഞ്ചാമത്തെ ചുഴലിക്കാറ്റായ റായ്, വടക്കുകിഴക്കൻ മിൻഡാനോയിലെ കാരഗ മേഖലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും സർഫിംഗ് കേന്ദ്രവുമായ സിയർഗാവോ ദ്വീപിൽ കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് കരതൊട്ടത്.
തുടക്കത്തിൽ മണിക്കൂറിൽ 260 കിലോമീറ്റർ (160 മൈൽ) വരെ വേഗത്തിലായിരുന്നു കാറ്റിന്‍റെ വേഗം. കാറ്റഗറി 5 കൊടുങ്കാറ്റിന് തുല്യമാണിത്. രാജ്യത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ നേരത്തെ തന്നെ ആളുകളെ ഒഴിപ്പിക്കുന്നത് തുടങ്ങിയിരുന്നു. എങ്കിലും ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.