കൊച്ചി: യുഎസ് വിപണിയില് ഹോണ്ട നവി വാഹനങ്ങളുടെ വിതരണം ആരംഭിച്ച്, ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആഗോള കയറ്റുമതി രംഗം വിപുലീകരിക്കുന്നു. ഹോണ്ട ഡി മെക്സിക്കോ വഴിയായിരിക്കും നവിയുടെ കയറ്റുമതി. 2021 ജൂലൈയില് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ മെക്സിക്കോയിലേക്കുള്ള സികെഡി കിറ്റുകളുടെ കയറ്റുമതി ആരംഭിച്ചിരുന്നു. ഇതുവരെ നവി ബൈക്കുകളുടെ 5000 സികെഡി കിറ്റുകള് മെക്സിക്കോയിലേക്ക് അയച്ചിട്ടുണ്ട്.
സ്കൂട്ടറിന്റെ ഗുണങ്ങളും മോട്ടോര്സൈക്കിളിന്റെ സവിശേഷതകളും സമന്വയിപ്പിക്കുന്ന ഒന്നാണ് ഹോണ്ട നവി. നഗരത്തിലെ ട്രാഫിക്കില് അനായാസം സഞ്ചരിക്കാനും ഇടുങ്ങിയ പാര്ക്കിങ് സ്ഥലങ്ങളില് എളുപ്പത്തില് കൈകാര്യം ചെയ്യാനും കഴിയുന്ന വാഹനത്തിന് ഭാരവും കുറവാണ്. 2016ലാണ് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ നവിയുടെ കയറ്റുമതി ആരംഭിച്ചത്. ഏഷ്യ, മിഡില് ഈസ്റ്റ്, ലാറ്റിന് അമേരിക്ക എന്നിവിടങ്ങളിലെ 22ലധികം രാജ്യാന്തര വിപണികളിലെ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കള് ഇതിനകം നവി സ്വന്തമാക്കിയിട്ടുണ്ട്.
യുഎസ് വിപണിയിലേക്കുള്ള ഹോണ്ട നവി കയറ്റുമതി ആരംഭിച്ചതായി ഹോണ്ട മെക്സിക്കോ പ്രഖ്യാപിച്ചതില് സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡിയും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു. പുതിയ വിപുലീകരണം ഇന്ത്യയില് ആഗോള ഉല്പ്പാദന നിലവാരത്തിന്റെ പുതിയ മാനദണ്ഡങ്ങള് സ്ഥാപിക്കാന് ഞങ്ങള്ക്ക് വീണ്ടും അവസരം നല്കിയെന്നും അദ്ദേഹം പറഞ്ഞു.