യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ പലസ്ഥലങ്ങളിലായി 11 സെന്‍റീമീറ്റര്‍ മുതല്‍ 28 സെന്‍റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ച് പോവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനമാണ് കാലിഫോര്‍ണിയയില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം പസഫിക് സമുദ്രത്തിൽ നിന്നുള്ള ഈർപ്പം അതിശക്തമായ രീതിയിലാണ് വലിച്ചെടുക്കപ്പെടുന്നത്. ഇത് പിന്നീട് താഴ്ന്ന പ്രദേശങ്ങളില്‍ പെരുമഴയായും ഹിമപാതമായും നിക്ഷേപിക്കപ്പെടുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞരും പറയുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് ലോസ് ഏഞ്ചൽസ് നദി കരകവിഞ്ഞൊഴുകി.നദിയിലെ ജലനിരപ്പ് താഴ്ന്ന ശേഷം
കാണാതായ മൂന്ന് വാഹനങ്ങൾ കണ്ടെത്തി കരക്കെത്തിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വേനല്‍ക്കാലത്ത് അതിശക്തമായ വളര്‍ച്ചയായിരുന്നു കാലിഫോര്‍ണിയയില്‍ രേഖപ്പെടുത്തിയത്. വളര്‍ച്ച ശക്തമായപ്പോള്‍, ഉഷ്ണതരംഗങ്ങളുടെ വരവായി. തൊട്ട് പിന്നാലെ സംസ്ഥാനത്തെ വനപ്രദേശത്ത് കാട്ടുതീ പടര്‍ന്ന് പിടിച്ചു. ഇതിനൊരു ശമനമുണ്ടായത് ഡിസംബര്‍ മാസത്തോടെയാണ്. എന്നാല്‍, വളര്‍ച്ചയില്‍ അല്‍പ്പം ആശ്വാസമായി മഞ്ഞ് കാലം തുടങ്ങിയെന്ന് കരുതിയിരിക്കുമ്പോളാണ് കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിച്ചത്. ഇതോടെ സംസ്ഥാനത്തെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുയര്‍ന്നു. തൊട്ട് പിന്നാലെ ഹിമപാതവും കൂടിയായതോടെ സംസ്ഥാനം ഏതാണ്ട് പൂര്‍ണ്ണമായും ദുരന്തത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.