ദോഹ: ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു. അമേരിക്കന്‍ മുന്‍ സൈനിക കമാന്റര്‍ ആന്റണി സിന്നിയാണ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജിവെച്ചത്. ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് അടുത്ത ബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായ ശ്രമവുമായി അമേരിക്ക എത്തിയത്. എന്നാല്‍ 18 മാസം പിന്നിട്ടിട്ടും സമാധാന പാതയില്‍ എത്താനോ മേഖലയില്‍ ഐക്യം പുനസ്ഥാപിക്കാനോ സാധിച്ചില്ല. വിവാദത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ കുറ്റപ്പെടുത്തിയാണ് ആന്റണി സിന്നിയുടെ രാജി....
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. സമവായ നീക്കങ്ങളുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തുണ്ട്.
കുവൈത്ത് ആണ് സമാധാന ശ്രമങ്ങളുമായി മുന്നില്‍. കൂടെ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമുണ്ട്. അമേരിക്കയുടെ മേഖലയിലെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഗള്‍ഫ് പ്രതിസന്ധി. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്ന് അമേരിക്ക തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.