ഏഥന്‍സ്: ഗ്രീക്കിലെ യൂണിവേഴ്‌സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നും വിഷാംശം അടങ്ങിയ കത്തുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേയ്ക്കാണ് നിരന്തരമായി വിഷാംശം അടങ്ങിയ കത്തുകള്‍ എത്തിയിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കങ്ങളില്‍ 'ഇസ്ലാമിക' ആശയങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇംഗ്ലീഷില്‍ എഴുതി അയച്ചിരിക്കുന്ന കത്തുകള്‍ തുറന്ന് വായിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് അലര്‍ജിയും ശ്വാസ തടസ്സവുമുണ്ടായി. കത്ത് ഒട്ടിക്കാനുപയോഗിച്ചിരിക്കുന്ന പശയില്‍ അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം.
ആഭ്യന്തര സുരക്ഷ കാര്യാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസിലെ ഭീകര വിരുദ്ധ സേന സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഏഴുപേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഏഗിയനിലെ യൂണിവേഴ്‌സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടാണ് കത്തുകള്‍ ലഭിച്ചത്. ചില കത്തുകള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് പിടിച്ചെടുത്തു.