കൊച്ചി: മുന്‍നിര ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്കയുടെ ഗ്ലോബല്‍ കപാസിറ്റി സെന്ററായ ആസ്ട്രാസെനെക്ക ഇന്ത്യ തങ്ങളുടെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇന്ത്യയില്‍ ക്ലിനികല്‍ ഡാറ്റാ ഇന്‍സൈറ്റ്‌സ് ഡിവിഷന് തുടക്കം കുറിച്ചു. ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് നിര്‍ണായക പിന്തുണ നല്‍കുന്നതാണ് ബെംഗലൂരുവിലെ ക്ലിനികല്‍ ഡാറ്റാ ഇന്‍സൈറ്റ്‌സ് ടീം. ആസ്ട്രാസെനെക്കയുടെ ക്ലിനികല്‍ ട്രയലുകളുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന ചുമതലയായിരിക്കും ക്ലിനികല്‍ ഡാറ്റാ ഇന്‍സൈറ്റ്‌സ് വിഭാഗത്തിന് ഉണ്ടാകുക.
നിലവില്‍ 30 അംഗങ്ങളുള്ള ഈ ടീം 2022-ഓടെ നൂറിലേറെ അംഗങ്ങളുമായി വികസിപ്പിക്കാനാണ് പദ്ധതി.വിവിധ ചികില്‍സകളിലും വിവിധ വിഭാഗങ്ങളിലുമായുള്ള തുടക്കത്തിലും തുടര്‍ ഘട്ടങ്ങളിലുമുള്ള ഒന്നാം ഘട്ടം മുതല്‍ മൂന്നാം ഘട്ടം വരെയുള്ള ക്ലിനികല്‍ പദ്ധതികളുടെ ക്ലിനികല്‍ ഡാറ്റാ, വിശകലനം, ഉള്‍ക്കാഴ്ചകള്‍, അപകട സാധ്യതാ ആസൂത്രണം തുടങ്ങിയവയില്‍ സമഗ്ര പിന്തുണയാകും ക്ലിനികല്‍ ഡാറ്റാ ഇന്‍സൈറ്റ് ഡിവിഷന്‍ നല്‍കുക.
മാതൃ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വികസനത്തില്‍ ആഗോള കപാസിറ്റി കേന്ദ്രത്തിനുള്ള പങ്ക് മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആസ്ട്രാസെനെക്ക ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ശിവ പദ്മനാഭന്‍ പറഞ്ഞു. സ്ഥാപനത്തിന്റെ വിജയത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്കു വഴി തുറക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യയിലെ ആഗോള കപാസിറ്റി കേന്ദ്രം കാഴ്ച വെച്ചത്.
ബിസിനസ് സേവനങ്ങള്‍, എഞ്ചിനീയറിങ്, ഡിജിറ്റല്‍ മേഖല, ഐടി, ഗവേഷണ വികസന രംഗം, ഉല്‍പന്ന വികസനം തുടങ്ങിയ മേഖലകളില്‍ ഗ്ലോബല്‍ ഫാര്‍ച്യൂണ്‍ 500 കമ്പനികളില്‍ നിന്ന് തുടര്‍ച്ചയായ നിക്ഷേപമാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. ആസ്ട്രാസെനെക്ക ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. തുടക്കം മുതല്‍ തന്നെ ചെന്നൈയിലും ബെംഗലൂരും ഉള്ള കേന്ദ്രങ്ങളിലുള്ള ഗവേഷണ വികസന വിഭാഗം ആഗോള സ്ഥാപനത്തിന് പിന്തുണ നല്‍കുകയാണ്. ഇതിന്റെ സ്വാഭാവിക മുന്നേറ്റമാണ് ഇന്ത്യയിലെ ക്ലിനികല്‍ ട്രയല്‍ ഡാറ്റാ ഇന്‍സൈറ്റ് വിഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസ്ട്രാസെനെക്കയുടെ ക്ലിനികല്‍ ട്രയല്‍ ഡാറ്റാ ഇന്‍സൈറ്റ് വിഭാഗത്തിന് ആറു രാജ്യങ്ങളിലായി 400 ജീവനക്കാരും വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലുള്ള എഴുന്നൂറോളം ഡാറ്റാ മാനേജുമെന്റ് പ്രൊഫഷണലുകളുമാണുള്ളത്. ഡാറ്റാ സയന്‍സും നിര്‍മിത ബുദ്ധിയും ഡാറ്റാ കേന്ദ്രങ്ങളില്‍ ഉപയോഗിച്ച് ജീവിതം മാറ്റിമറിക്കുന്ന മരുന്നുകള്‍ ലഭ്യമാക്കുവാന്‍ പിന്തുണ നല്‍കുവാനും ലക്ഷ്യമിടുന്നുണ്ട്. രോഗിയുടെ പാത സംബന്ധിച്ച ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നേടാന്‍ ക്ലിനികല്‍ ഡാറ്റാ ഇന്‍സൈറ്റ് സംവിധാനങ്ങള്‍ തങ്ങളുടേതു പോലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളെ പിന്തുണക്കുമെന്ന് ആസ്ട്രാസെനികയുടെ ക്ലിനികല്‍ ഡാറ്റാ ആന്റ് ഇന്‍സൈറ്റ്‌സ് വിഭാഗം ആഗോള മേധാവി നാറ്റല്ലെ ഫിഷ്‌ബേണ്‍ ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ മുന്‍നിരക്കാരായി മാറാനുളള തങ്ങളുടെ തന്ത്രപരമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഇന്ത്യയില്‍ ക്ലിനികല്‍ ട്രയല്‍ ഡാറ്റാ ഇന്‍സൈറ്റ് വിഭാഗം ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഈ രംഗത്ത് കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ ഗണ്യമായ വളര്‍ച്ചയും ഈ ഡിവിഷന്‍ സ്ഥാപിക്കുന്നതിനു കൂടുതല്‍ പ്രചോദനമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.