സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് കോച്ചിങ് സാധ്യമാക്കാൻ സ്ഥാപിച്ച കിലെ സിവിൽ സർവീസ് അക്കാഡമിയുടെ ആദ്യ റഗുലർ ബാച്ചിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര ഐ എ എസ്, ഇക്കഴിഞ്ഞ സിവിൽ സർവീസ് പ്രവേശന പരീക്ഷയിൽ 481-ആം റാങ്ക് നേടിയ അശ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സിവിൽ സർവീസിന്റെ ഉന്നത ഉദ്യോഗങ്ങളിൽ കേരളത്തിലെ തൊഴിലാളികളുടെ ആശ്രിതർക്ക് പ്രാതിനിധ്യം തീരെ കുറവായ സാഹചര്യത്തിലാണ് സിവിൽ സർവീസ് പരീക്ഷ എഴുതാൻ അവരെ പ്രാപ്തരാക്കുന്ന രീതിയിൽ കിലെയുടെ കീഴിൽ ഒരു കോച്ചിംഗ് സെന്റർ തുടങ്ങുകയെന്ന ആശയം ഉദിച്ചത്. വി ശിവൻകുട്ടി കിലെ ചെയർമാൻ ആയിരുന്ന കാലത്താണ് പദ്ധതി വിഭാവനം ചെയ്തത് .2021 ഫെബ്രുവരിയിൽ അന്നത്തെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ കിലെ സിവിൽ സർവീസ് അക്കാഡമി ഉദ്ഘാടനം ചെയ്തു. 2021 മാർച്ച് 21-ന് നാലു മാസം നീണ്ടുനിന്ന ഒരു ഹ്രസ്വകാല ക്രാഷ് കോഴ്സ് ആരംഭിച്ചു. 8 മാസം നീണ്ടുനിൽക്കുന്ന പ്രിലിമിനറി പരീക്ഷയുടെ ആദ്യ റഗുലർ ബാച്ചിന്റെ ഉദ്ഘാടനം ആണ് നടന്നത് . ഈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചതിൽ 183 പേർ അപേക്ഷ നൽകി. അവർക്കായി ഒരു മത്സര പരീക്ഷ ഈ മാസം 11 ന് നടത്തി. 132 പേർ പരീക്ഷ എഴുതി, അവരുടെ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
അവരിൽ 75 ശതമാനം മാർക്ക് നേടിയ 63 പേരെ പ്രാഥമികമായി പരിഗണിച്ചിട്ടുണ്ട്. പട്ടികജാതി പട്ടിക വർഗക്കാരായി 7 പേരും പിന്നോക്ക സമുദായങ്ങളിൽ നിന്ന് 43 പേരും മുന്നോക്ക സമുദായങ്ങളിൽ നിന്ന് 13 പേരും പ്രാഥമിക സെലക്ഷനിൽ വന്നിട്ടുണ്ട്. അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നു.
ഫീസായി 15,000/- രൂപയാണ്അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആശ്രിതരിൽ നിന്നും വാങ്ങുന്നത്. സംഘടിത മേഖലയിൽ നിന്നുള്ളവർക്ക് 25,000/-രൂപയും മറ്റുള്ളവരിൽ നിന്നും 30,000/- രൂപയും ഈടാക്കും.
ഇതര കോച്ചിംഗ് സ്ഥാപനങ്ങൾ വാങ്ങുന്നതിന്റെ ഏതാണ്ട് മൂന്നിലൊന്നു ഫീസാണ് കിലെ സിവിൽ സർവീസ് അക്കാഡമി വാങ്ങുന്നത്. തൽക്കാലം ഓൺലൈനായി തുടങ്ങുന്ന ക്ലാസ് നേരിട്ട് നടത്തുമ്പോൾ വിദ്യാർത്ഥികളുടെ താമസത്തിനും ഭക്ഷണത്തിനും വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകൾ വഹിക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 60 പേർക്കാണ് പ്രവേശനം നൽകുന്നത്.
വിവിധ വിഷയങ്ങളിൽ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള പരിചയ സമ്പന്നരായ അദ്ധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അവരിൽ പലരും റിട്ടയേർഡ് കോളേജ് അദ്ധ്യാപകരാണ്. വിഷയങ്ങൾ പഠിക്കുന്ന മുറയ്ക്ക് മാസം തോറും പീരിയോഡിക്കൽ ടെസ്റ്റ് പേപ്പർ നടത്തുന്നതാണ്. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിലുള്ള തൊഴിലാളികളുടെ ആശ്രിതരെ പരമാവധി സിവിൽ സർവീസിന്റെ വിവിധ കേഡറുകളിൽ എത്തിക്കുക എന്നതാണ് ഈ അക്കാഡമിയുടെ പരമമായ ലക്ഷ്യം. മുഴുവൻ പഠിതാക്കൾക്കും സിവിൽ സർവീസ് ലഭിക്കാതെ വന്നാൽ പോലും അവർക്ക് ഉദ്യോഗം ലഭിക്കാനുള്ള ഇതര പരീക്ഷകൾ എഴുതി വിജയിക്കാൻ കഴിയുമാറുള്ള വിധത്തിൽ ശേഷി വർധിപ്പിക്കാൻ കഴിയുമെന്നുള്ളതും ഈ കോഴ്സിന്റെ പ്രത്യേകതയാണ്.