ദില്ലി: അടുത്ത വർഷം മുതൽ ദില്ലിക്കും ഷാങ്ഹായ്ക്കും ഇടയിൽ നോൺ സ്റ്റോപ്പ് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ദില്ലി-ഷാങ്ഹായ് (പിവിജി) നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുക. ബോയിംഗ് 787-8 വിമാനമാണ് സർവീസ് നടത്തുക. ആഴ്ചയിൽ നാല് തവണ സർവീസുകളുണ്ടാകും. ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കണോമി ക്ലാസിൽ 238 വിശാലമായ സീറ്റുകളും ഉണ്ടായിരിക്കും. 2026 ൽ മുംബൈയ്ക്കും ഷാങ്ഹായ്ക്കും ഇടയിൽ നോൺ-സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
ദില്ലി - ഷാങ്ഹായ് വിമാനങ്ങളുടെ ഷെഡ്യൂൾ
AI352 - ദില്ലി - ഷാങ്ഹായ് വിമാനം ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെട്ട് രാവിലെ 8.20ന് എത്തിച്ചേരും. ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
AI351 - ഷാങ്ഹായ് - ദില്ലി വിമാനം രാത്രി 10 മണിക്ക് പുറപ്പെട്ട് രാവിലെ 3.15ന് (+1) എത്തിച്ചേരും. ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്.
‘ഞങ്ങളുടെ ദില്ലി - ഷാങ്ഹായ് സർവീസുകൾ പുനരാരംഭിക്കുന്നത് കേവലം ഒരു റൂട്ടിന്റെ ലോഞ്ചിനേക്കാൾ വളരെ വലിയ കാര്യമാണ്. ഇത് രണ്ട് മഹത്തായ, പുരാതന നാഗരികതകൾക്കും ആധുനിക സാമ്പത്തിക ശക്തികേന്ദ്രങ്ങൾക്കും ഇടയിലുള്ള ഒരു പാലമാണ്. എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളെ തമ്മിൽ വീണ്ടും ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഊഷ്മളമായ ഇന്ത്യൻ ആതിഥ്യമര്യാദയോടെ ബിസിനസ്സ്, വ്യാപാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം എന്നിവയിലെ അവസരങ്ങൾ പിന്തുടരാൻ യാത്രക്കാർക്ക് അവസരമൊരുക്കുകയാണ് എയർ ഇന്ത്യ’. എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.
2019ൽ ഇന്ത്യയും ചൈനയും ഏകദേശം 2,588 ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ നടത്തിയിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020ന്റെ തുടക്കത്തിൽ കോവിഡ് മഹാമാരിയുടെ സമയത്ത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഗാൽവാനിൽ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിലുണ്ടായ മാരകമായ ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചില്ല. നിലവിൽ വീണ്ടും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരികയാണെന്നതിന്റെ വ്യക്തമായ തെളിവാണ് വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം. ജൂലൈയിൽ, ചൈനീസ് വിനോദസഞ്ചാരികൾക്ക് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചിരുന്നു.

