പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെൽ കൂടിക്കാഴ്ച നടത്തി. കോവിഡ് കാലത്തെ കേരളത്തിലെ വിദ്യാഭ്യാസ രീതികളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും ബുചെൽ മന്ത്രിയടങ്ങുന്ന സംഘത്തോട് ചോദിച്ചറിഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ ഐ എ എസ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രം, പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന ഊന്നൽ, ലൈബ്രറി - സാക്ഷരതാ പ്രസ്ഥാനങ്ങൾ,മാതൃഭാഷയെ പരിപോഷിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ, കോവിഡ്കാല വിദ്യാഭ്യാസം തുടങ്ങിയവയെ കുറിച്ചൊക്കെ ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി ചോദിച്ചറിഞ്ഞു.
ഫുട്ബാളിനോട് കേരളത്തിനുള്ള ഇഷ്ടത്തെ കുറിച്ച് എടുത്തു പറഞ്ഞ ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി താൻ അർജന്റീനയുടെ ആരാധകൻ ആണെന്നും മന്ത്രിക്കിഷ്ടം ഏത് ടീം ആണെന്നും ചോദിച്ചു. അർജന്റീനയെ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ബ്രസീലിനോടുള്ള താല്പര്യം മന്ത്രി മറച്ചു വെച്ചില്ല. ചെ ഗുവേരയെ കുറിച്ച് മന്ത്രി വി ശിവൻകുട്ടി പരാമർശിച്ചപ്പോൾ കേരളവും ലാറ്റിൻ അമേരിക്കയും പങ്കു വെക്കുന്ന പൊതുവികാരമാണ് ചെ എന്ന് ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി പറഞ്ഞു.