സംസ്ഥാനത്തെ 168 ബി ആർ സികളിലെയും ഓട്ടിസം സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓട്ടിസം ബോധവത്കരണ ദിനവുമായി ബന്ധപ്പെട്ട് കിഴക്കേകോട്ടയിലെ സമഗ്ര ശിക്ഷാ കേരളം ഓട്ടിസം സെന്ററിൽ അധ്യാപകരുമായും രക്ഷകർത്താക്കളുമായും ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. 1484 സ്പെഷ്യൽ കെയർ സെന്ററുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവർത്തനവും കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. നടപ്പ് അധ്യയന വർഷം ഭിന്നശേഷി കുട്ടികൾക്കായി നിലവിൽ നടന്നു വരുന്ന പരിപാടികളോടൊപ്പം നൂതനമായ നിരവധി പരിപാടികളും സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ 334 സ്പെഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത സ്കൂളുകളിലെ ഭൗതികവും അക്കാദമികമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി 2019 - 20 വർഷം മുതൽ സ്പെഷ്യൽ സ്കൂൾ പാക്കേജ് നടപ്പിലാക്കുന്നുണ്ട്. സ്പെഷ്യൽ സ്കൂൾ പാക്കേജിന്റെ ഭാഗമായി ഓരോ ഗ്രേഡിലുമുള്ള ജീവനക്കാർക്ക് ഹോണറേറിയം, കണ്ടിജൻസി എന്നിവയ്ക്കും ഈ വർഷം മുതൽ കുട്ടി ഒന്നിന് യൂണിഫോമിനായി ആയിരം രൂപ വീതം അനുവദിച്ചു നൽകിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ സ്പെഷ്യൽ സ്കൂൾ പാക്കേജിനായി 45 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി .