കൊച്ചി- ഇടപാടുകാർക്ക് മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് ആദിത്യ ബിര്‍ല ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുമായി കൈകോര്‍ത്തു.
ആസ്മ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്ക് ആദ്യദിനം മുതൽ തന്നെ പരിരക്ഷ, പോഷകാഹാരം, ശാരീരിക സ്വാസ്ഥ്യം എന്നിവയെക്കുറിച്ചുള്ള പരിശീലനം, മാനസികാരോഗ്യ പ്രശ്‌നത്തിനുള്ള കൗണ്‍സലിങ്, ആരോഗ്യ പരിപാലനത്തിനുള്ള പ്രോത്സാഹനമെന്ന നിലയ്ക്ക് പ്രീമിയത്തിൽ 100 ശതമാനം വരെ ഇളവ് തുടങ്ങിയ, ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ ഒട്ടനവധി പുതുമകൾ നിറഞ്ഞ പദ്ധതികളാണ് ഫെഡറൽ ബാങ്ക് ഇടപാടുകാർക്കു ലഭ്യമാക്കിയിരിക്കുന്നത്.
അതിവേഗത്തില്‍ വളരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ആദിത്യ ബിര്‍ല ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ വിവിധ പോളിസികള്‍ ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാർക്ക് അവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സെല്‍ഫ് സര്‍വീസ് പോര്‍ട്ടലുകള്‍ വഴിയും ബാങ്ക് ശാഖകള്‍ വഴിയും ഇവ ലഭിക്കുന്നതാണ്. ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷൂറന്‍സുമായുള്ള പങ്കാളിത്തം വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ- ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ പറഞ്ഞു.
രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തം ദേശീയ തലത്തില്‍ സേവനം വിപുലപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്കിന്റെ 1250ലേറെ ശാഖകള്‍ വഴി 89 ലക്ഷം ഉപഭോക്താക്കളിലേക്കാണ് എത്തുന്നത്. ആരോഗ്യ പരിരക്ഷ്യക്ക് മുന്‍ഗണന നല്‍കുന്ന ഈ ദൗത്യം ഇരു കമ്പനികള്‍ക്കും ഗുണകരമാകുന്ന ഒരു ദീര്‍ഘകാല ബന്ധമായി വളര്‍ത്തുകയാണ് ലക്ഷ്യം- ആദിത്യ ബിര്‍ല ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് സിഇഒ മായങ്ക് ബട്‌വല്‍ പറഞ്ഞു.