ദില്ലി: 2025 - 26 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം കുറച്ച് റിസർവ് ബാങ്ക്. നേരത്തെ പ്രവചിച്ചിരുന്ന 6.7% വളർച്ചയിൽ നിന്ന് 6.5% ആയാണ് കുറച്ചത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ട്രംപിന്റ്‌റെ താരിഫ് നയങ്ങൾ ഭീഷണി ഉയർത്തുമെന്ന ആശങ്കകൾക്കിടയിലാണ് വളർച്ച പ്രവചനത്തിൽ മാറ്റം വരുത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 26% താരിഫ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആർബിഐയുടെ എംപിസി യോഗം നടന്നത്. ഇന്ന് ആർബിഐയുടെ പണനയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ട്രംപിന്റെ താരിഫ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
സഞ്ജയ് മൽഹോത്ര ആർബിഐയുടെ പുതിയ ഗവർണറായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി നടന്ന എംപിസി യോഗത്തിൽ, 2026 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച ഏകദേശം 6.7% ആയി കണക്കാക്കിയിരുന്നു. ഇതാണ് സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള എംപിസി കമ്മിറ്റിയുടെ രണ്ടാമത്തെ യോഗത്തിൽ മാറ്റം വരുത്തിയത്.
നിലവിൽ, 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 6.5%, രണ്ടാം പാദത്തിൽ 6.7%, മൂന്നാം പാദത്തിൽ 6.6%, നാലാം പാദത്തിൽ 6.3% വളർച്ച കൈവരിക്കുമെന്ന് ആർബിഐ ഇപ്പോൾ പ്രതീക്ഷിക്കുന്നു. മുൻകാല വളർച്ചാ പ്രവചനങ്ങൾ 6.7%, 7%, 6.5%, 6.5% എന്നിങ്ങനെയായിരുന്നു.