ബാങ്കിംഗ് വ്യാവസായികതലത്തിൽ അംഗീകരിച്ച് പത്തു മാസം പിന്നിട്ട ഉഭയകക്ഷി സേവന-വേതന പരിഷ്ക്കരണ-കരാർ സി എസ് ബി ബാങ്കിലും നടപ്പിലാക്കുക, തൊഴിൽ നയ- നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക, അന്യായമായ ശിക്ഷാ നടപടികളും പ്രതികാര നടപടികളും പിൻവലിക്കുക, ബാങ്കിൻ്റെ ജനകീയ സ്വഭാവം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സി എസ് ബി ബാങ്കിലെ ജീവനക്കാരും ഓഫീസർമാരും യുണൈറ്റഡ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പണിമുടക്ക് ആരംഭിച്ചു. സെപ്റ്റംബർ 29,30, ഒക്ടോബർ 1 തീയ്യതികളിലായാണ് പണിമുടക്ക്.
രാജ്യത്തെ തൊഴിൽ നിയമങ്ങളേയും തൊഴിലാളികളുടെ അവകാശങ്ങളേയും ഉഭയകക്ഷി കരാറുകളേയും സി എസ് ബി ബാങ്കിലെ വിദേശ ഓഹരി നിക്ഷേപകരുടെ മാനേജ്മെൻ്റ് പ്രതിനിധികൾ മാനിക്കാതെ പോകുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അംഗീകരിക്കുവാൻ കഴിയുന്നതല്ലെന്ന് മുൻ എംപി പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ജോലി സ്ഥിരത ഇല്ലാതാക്കി കരാർ തൊഴിൽ സമ്പ്രദായം നടപ്പാക്കി, ലാഭവും ഓഹരി മൂല്യവും വർദ്ധിപ്പിക്കുവാനുള്ള വികലമായ രീതികൾ കേരളമാസ്ഥാനമായുള്ള പരമ്പരാഗത സ്വകാര്യ ബാങ്കിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് തൊഴിലാളിവിരുദ്ധ സമീപനമാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പണിമുടക്കിന്റെ ആദ്യദിനത്തിൽ ബാങ്കിന്റെ തിരുവനന്തപുരം സോണൽ ഓഫിസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി നന്ദകുമാർ( എ ഐ ബി ഇ എ ) അധ്യക്ഷത വഹിച്ചു.
ഐ എൻ ടി യു സി ദേശീയ പ്രവർത്തക സമിതി അംഗം വി ആർ പ്രതാപൻ, മുൻ എംപി ഡോ.എ സമ്പത്ത്, ബാങ്ക് യൂണിയൻ ഐക്യവേദി നേതാക്കളായ കെ എസ് കൃഷ്ണ, എസ് സുരേഷ് കുമാർ (എ ഐ ബി ഇ എ ), ജി ആർ ജയകൃഷ്ണൻ, പ്രേംജീവൻ, (എ ഐ ബി ഒ സി ), വി ജെ വൈശാഖ് (എൻ സി ബി ഇ ), എച്ച് വിനോദ് കുമാർ (എ ഐ ബിഒ എ ), എസ് അനന്തകൃഷ്ണൻ, കെ പി ദിലീപ്, (ബി ഇ എഫ് ഐ), അരുൺ ശ്രീകുമാർ (സിഎസ് ബി ഒ എ ), എസ് പ്രഭാദേവി (എ കെ ബി ആർ എഫ്) തുടങ്ങിയവർ പ്രസംഗിച്ചു.
നാളെയും മറ്റന്നാളും പണിമുടക്ക് തുടരും