തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു കുടയ്ക്കു കീഴില്‍ വിവിധ സേവനങ്ങള്‍ ലഭിക്കുന്ന ഫെഡ്-ഇ-സ്റ്റുഡിയോയും ബ്രാഞ്ചിനൊപ്പം ഒരുക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും എംഡിയുമായ എം എ യൂസുഫലി ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ഫെഡ്-ഇ-സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. മാളിലെ ഒന്നാം നിലയില്‍ ലുലു ഫാഷന്‍ സ്റ്റോറിന് എതിര്‍വശത്തായാണ് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്. മള്‍ട്ടി ഫങ്ഷനല്‍ കിയോസ്‌ക്, ഡിജിറ്റല്‍ ടച്ച് സ്‌ക്രീന്‍, കാഷ് റിസൈക്ലര്‍ തുടങ്ങിയ സേവനങ്ങളാണ് ഫെഡ്-ഇ-സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്നത്.
ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ നന്ദകുമാര്‍ വി, വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ രഞ്ജി അലക്‌സ്, വൈസ് പ്രസിഡന്റും റീജനല്‍ ഹെഡുമായ നിഷ കെ ദാസ്, സീനിയര്‍ മാനേജരും ബ്രാഞ്ച് ഹെഡുമായ അരുണ്‍ ജെ അലക്‌സ് തുടങ്ങിയവരുൾപ്പെടെ അനേകം പേർ ചടങ്ങിൽ പങ്കെടുത്തു.