തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം എന്നതിനുള്ള അംഗീകാരമെന്ന് മന്ത്രി വി ശിവൻകുട്ടി
രാജ്യത്തെ തൊഴിലാളികൾക്ക് ഏറ്റവും കൂടിയ ദിവസ വേതനം നൽക്കുന്ന സംസ്ഥാനം കേരളം എന്ന് റിസർവ്ബാങ്കിന്റെ കണക്ക്. റിസർബാങ്ക് പുറത്തിറക്കിയ ഹാൻഡ് ബുക്കിലാണ് ഈ കണക്കുകള്‍ ഉള്ളത്. നിർമ്മാണമേഖലയിൽ ഏറ്റവും കുറവ് കൂലിയുള്ള ത്രിപുര,മധ്യപ്രദേശ് സംസ്ഥാനങ്ങളെക്കാൾ മൂന്നിരട്ടിയിൽ അധികം വേതനമാണ് കേരളം നിർമ്മാണ തൊഴിലാളികൾക്ക് നൽകുന്നത്.
കേരളത്തിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളിക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്പോൾ ത്രിപുരയിൽ അത് 250 രൂപയും മധ്യപ്രദേശിൽ 267 രൂപയും ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയും ആണ് എന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാർഷിക മേഖലയിലും മറ്റു മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മേഖലകളിലും കേരളം തന്നെയാണ് പ്രഥമശ്രേണിയിൽ. ദേശീയ ശരാശരിയെക്കാൾ ഏറെ മുകളിലാണ് ദിവസം വേതന കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം.
തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം എന്നതിനുള്ള അംഗീകാരമാണ് ഈ കണക്കുകളെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. 59 തൊഴിൽ മേഖലകളിൽ മിനിമം കൂലി നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.