ഇന്ത്യന്‍ വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഡെന്‍മാര്‍ക്കിലെ വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സുമായി സഹകരണത്തില്‍
കൊച്ചി: ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍, വാക്സിന്‍ ഫ്രീസറുകള്‍, അള്‍ട്രാ ലോ ടെമ്പറേചര്‍ ഫ്രീസറുകള്‍ എന്നിവ അടക്കമുള്ള ആരോഗ്യ സേവന രംഗത്തെ റഫ്രിജറേഷനും വാക്സിന്‍ ശേഖരണ സംവിധാനങ്ങളും ഇന്ത്യയില്‍ വികസിപ്പിക്കാനും നിര്‍മിക്കാനും വില്‍പനയും സേവനവും നടത്താനുമായി ടാറ്റാ സ്ഥാപനമായ വോള്‍ട്ടാസ് ഡെന്‍മാര്‍ക്കിലെ വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സുമായി സാങ്കേതികവിദ്യാ ലൈസന്‍സ് ധാരണയില്‍ ഏര്‍പ്പെട്ടു.
ബയോമെഡിക്കല്‍, കോള്‍ഡ് ചെയിന്‍ വ്യവസായ മേഖലകളിലെ നവീനവും കാര്യക്ഷമവുമായ റഫ്രിജറേറ്ററുകളും ഫ്രീസറുകളും ആഗോള തലത്തില്‍ വികസിപ്പിച്ചു നിര്‍മിക്കുന്ന വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സ് 1963-ലാണ് ഡെന്‍മാര്‍ക്കിലെ എസ്ബര്‍ഗില്‍ സ്ഥാപിതമായത്.
വോള്‍ട്ടാസിന്‍റെ ശക്തമായ ബ്രാന്‍ഡ് സാന്നിധ്യവും വിപുലമായ വിതരണ, വില്‍പന ശൃംഖലയും ഈ പങ്കാളിത്തത്തിലൂടെ പ്രയോജനപ്പെടുത്താനാവും. ഇന്ത്യയിലെ വീടുകളിലെ എയര്‍ കണ്ടീഷണറുകളുടെ രംഗത്ത് ഒരു ദശാബ്ദത്തിലേറെയായി അനിഷേധ്യ മുന്‍നിരക്കാരായ വോള്‍ട്ടാസ് ഇന്ത്യയിലെ വാണിജ്യ റഫ്രിജറേഷന്‍ ഉല്‍പന്ന രംഗത്തും വിപണിയിലെ മുന്‍നിരക്കാരാണ്.
വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സ് തങ്ങളുടെ ശക്തമായ ഗവേഷണ, വികസന സംവിധാനങ്ങളും നിര്‍മാണ പ്രക്രിയകളും ലഭ്യമാക്കുന്നതിനു പുറമെ വിപുലമായ ഉല്‍പന്ന നിരകളും ആഗോള സോഴ്സിങ് കഴിവുകളും പ്രദാനം ചെയ്യും. വെസ്റ്റ്ഫ്രോസ്റ്റിന്‍റെ ആഗോള തലത്തിലെ മികച്ച രീതികള്‍ ഉപയോഗിച്ചു കൊണ്ടാവും ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുക.
വോള്‍ട്ടാസിനെ സംബന്ധിച്ച് യുക്തിസഹമായ ഉല്‍പന്ന വിപുലീകരണമാണിതെന്നും വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്നും വോള്‍ട്ടാസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. വെസ്റ്റ്ഫ്രോസ്റ്റിന്‍റെ സാങ്കേതികവിദ്യകളും വോള്‍ട്ടാസിന്‍റെ നിര്‍മാണ, വിതരണ ശേഷികളും ചേര്‍ന്ന് നവീനവും സവിശേഷവുമായ നിരവധി ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ബിസിനസിനുള്ള വലിയ അവസരങ്ങളാണ് ഇന്ത്യയിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ആരോഗ്യ സേവന രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് വെസ്റ്റ്ഫ്രോസ്റ്റ് സൊലൂഷന്‍സ് സെയില്‍സ് ഡയറക്ടര്‍ തോമസ് ജോര്‍ഗന്‍സെന്‍ പറഞ്ഞു. ഈ വിപണിയിലെ വളര്‍ച്ചാ സാധ്യതകള്‍ ആവേശകരമാണെന്നും ഇന്ത്യന്‍ ആരോഗ്യ സേവന രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ വോള്‍ട്ടാസുമായും ടാറ്റാ ഗ്രൂപ്പുമായും സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.