കൊച്ചി : ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഐഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് ഇവി ഫിനാന്‍സിംഗ് സ്‌കീം അവതരിപ്പിച്ചു. ഏഥര്‍ 450എക്സ് അല്ലെങ്കില്‍ 450 പ്ലസിന്റെ ഓണ്‍-റോഡ് വിലയുടെ 5 ശതമാനം ഡൗണ്‍ പേയ്‌മെന്റ് നല്‍കി വാഹനം സ്വന്തമാക്കാം. ഏഥര്‍ 450 എക്സിന് 3,456 രൂപയും 450 പ്ളസ്സിന് 2975 രൂപയുമാണ് ഇഎംഐ. 48 മാസത്തെ ലോണ്‍ കാലാവധിയുണ്ട്. പ്രോസസ്സിംഗ് ഫീസില്ലാതെ ഉപഭോക്താക്കള്‍ക്ക് 45 മിനിറ്റിനുള്ളില്‍ ഇവി വാങ്ങാം. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ സ്‌കൂട്ടറുകളോ മോട്ടോര്‍സൈക്കിളുകളോ സീറോ ഡൗണ്‍ പേയ്‌മെന്റില്‍ കൈമാറ്റവും ചെയ്യാം.
'ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ആദ്യമായാണ് ഐഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് 48 മാസത്തെ കാലാവധിയില്‍ ഒരു പദ്ധതി വാഗ്ദാനം ചെയ്യുന്നതെന്ന് ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്‌നീത് എസ്. ഫൊകെല പറഞ്ഞു. സ്‌കൂട്ടറുകള്‍ക്ക് 48 മാസത്തെ ഇഎംഐ കാലാവധി അനുവദിച്ച ആദ്യത്തെ ഇവിയാണ് ഏഥര്‍ എന്നത് ഫിനാന്‍സ് പങ്കാളികള്‍ക്ക് ഞങ്ങളുടെ വാഹനത്തിന്‍മേലുള്ള വിശ്വാസ്യതയാണ് സൂചിപ്പിക്കുന്നതെന്ന് രവനീത് കൂട്ടിച്ചേര്‍ത്തു.