തിരുവനന്തപുരം: സുരക്ഷയില്‍ സ്‌കോഡ കുഷാക് 5 സ്റ്റാര്‍ റേറ്റിങ് നേടിയ മാസം തന്നെ സ്‌കോഡ ഇന്ത്യ വില്‍പനയില്‍ കുതിപ്പും തുടര്‍ന്നു. ഒക്ടോബര്‍ മാസത്തില്‍ 4,173 വാഹനങ്ങള്‍ ഉപഭോക്താവിന് കൈമാറിയപ്പോള്‍ 3,389 എണ്ണം ഹോള്‍സെയില്‍ വില്‍പനയും നടന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 3,226 റീട്ടെയ്‌ലും 3,065 ഹോള്‍സെയിലും വില്‍പന നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനേക്കാള്‍ യഥാക്രമം 29 ശതമാനവും 11 ശതമാനവും കൂടുതലാണ് ഈ വര്‍ഷം ഒക്ടോബറിലെ വില്‍പന.
ഇന്ത്യയില്‍ സ്‌കോഡയ്ക്ക് റെക്കോര്‍ഡ് വില്‍പനയാണ് ഈ വര്‍ഷം ലഭിച്ചത്. ഒക്ടോബറില്‍ വിറ്റ കാറുകള്‍ 2022-ലെ കമ്പനിയുടെ വളര്‍ച്ചയുടെ വേഗം നിലനിര്‍ത്തുന്നു.
ആഗോള എന്‍സിഎപി ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളിലെ മുതിര്‍ന്നവരേയും കുട്ടികളുടേയും നിബന്ധനകള്‍ക്ക് 5 സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്നത് കമ്പനിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും നാഴികക്കല്ലുമാണ് എന്ന് സ്‌കോഡ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ പെട്രെ സോള്‍ക് പറഞ്ഞു. സുരക്ഷയില്‍ പുതിയ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്ന കുഷാക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും സുരക്ഷിതമായ കാര്‍ ആണ്.
കര്‍ശനമായ നിബന്ധനകളുള്ള പുതിയ ആഗോള എന്‍സിഎപി നിലവാരത്തില്‍ പരിശോധിച്ച ആദ്യ കാറാണിത്. കൂടാതെ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷയില്‍ 5 സ്റ്റാര്‍ ലഭിക്കുന്ന ആദ്യ കാറുകളില്‍ ഒന്നാണ് ഇത്. കുഷാക്കിന്റെ പുതിയ ആനിവേഴ്‌സറി എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്.
2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ സ്‌കോഡ 44,500 കാറുകള്‍ വിറ്റു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബറിനേക്കാള്‍ 29 ശതമാനം കൂടുതല്‍ കാറുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി.