നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ സ്‌കിറ്റും സംഘടിപ്പിച്ചു -
തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടിയുമായി കിംസ്‌ഹെല്‍ത്ത്. 'സിറ്റി ഫാസ്റ്റ്' എന്ന പേരില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടത്തിയത്. കിംസ് കോളേജ് ഓഫ് നേഴ്‌സിങ്ങിലെ അന്‍പതില്‍പ്പരം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കിറ്റും, ഫ്‌ളാഷ് മോബും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ പൂജപ്പുര, യു.എസ്.ടി ക്യാംപസ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കിംസ്‌ഹെല്‍ത്ത് തുടങ്ങിയ സ്ഥലങ്ങളിലായായിരുന്നു ബോധവല്‍ക്കരണം.
വര്‍ധിച്ചുവരുന്ന സ്‌ട്രോക്ക് രോഗികളുടെ എണ്ണം മുന്‍നിര്‍ത്തി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ലോക സ്‌ട്രോക്ക് ദിനാചരണത്തിന്റെ ഭാഗമായി കിംസ്‌ഹെല്‍ത്ത് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. സ്‌ട്രോക്ക് ബാധിച്ച രോഗികളെ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും സമയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്ക് മികച്ച പിന്തുണയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്.
സൈബര്‍ സെക്യൂരിറ്റി സബ്ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഹരി സി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കേവലം സ്‌ട്രോക്ക് ദിനാചരണത്തിനപ്പുറം, ജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ കിംസ്‌ഹെല്‍ത്തിന് കഴിഞ്ഞെന്നും ഇതില്‍ നിന്നും ഉൾക്കൊള്ളുന്ന പാഠങ്ങള്‍ എന്നെന്നും ഓര്‍ത്തുവെയ്‌ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ചുറ്റുമുള്ള ആര്‍ക്കെങ്കിലും ഇത്തരത്തില്‍ ഒരു രോഗാവസ്ഥ വന്നാല്‍ എങ്ങനെ രക്ഷിക്കാം എന്ന് നാം സദാ ജാഗരൂകരായിരിക്കണം. ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് തിരിച്ചറിഞ്ഞ് ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യമായ ചികിത്സ കൃത്യസമയത്ത് നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗികളും, അവർക്ക് ചുറ്റുമുള്ളവരും പലപ്പോഴും സമയത്തിന്റെ വില മനസ്സിലാക്കാറില്ലെന്നും സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രാധാന്യം സമയത്തിനാണെന്ന് തിരിച്ചറിയണമെന്നും കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രോഗികളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനായി ട്രാഫിക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലാണെങ്കിലും പലപ്പോഴും ആരോഗ്യപരിപാലനത്തിന്റെയും, സമയത്ത് ചികിത്സ തേടുന്നതിന്റെയും പ്രാധാന്യം തിരിച്ചറിയാറില്ല. സ്‌ട്രോക്ക് ചികിത്സയില്‍ സമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കലാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിംസ്‌ഹെല്‍ത്തിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ചീഫ് കോഓര്‍ഡിനേറ്ററുമായ ഡോ. സുരേഷ് ചന്ദ്രന്‍, സ്‌ട്രോക്ക് ഡേ സന്ദേശം നല്‍കി. കിംസ്‌ഹെല്‍ത്ത് ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും അക്കാദമിക് കോഓര്‍ഡിനേറ്ററുമായ ഡോ. ശ്യാംലാല്‍ എസ് സ്വാഗതവും കിംസ്‌ഹെല്‍ത്ത് സി.ഇ.ഒ ജെറി ഫിലിപ്പ് നന്ദിയും പറഞ്ഞു.